വേനല്‍ മഴ: സംസ്ഥാനത്ത് 1400 ഹെക്ടറില്‍ കൃഷിനാശം

Posted on: April 30, 2014 11:26 pm | Last updated: April 30, 2014 at 11:26 pm

Heavy-rains-Newskeralaതിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്തുണ്ടായ വേനല്‍ മഴയിലും കാറ്റിലും 16 പേര്‍ മരിച്ചു. ഇതില്‍ പത്ത് പേരും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മിന്നലേറ്റാണ് മരിച്ചത്. 146 വീടുകള്‍ പൂര്‍ണമായും 3232 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ ജില്ലകളിലായി 1400 ഹെക്ടറിലധികം കൃഷി നശിച്ചു. 200 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. എന്നാല്‍, കൃഷി നാശം ഉയരാന്‍ സാധ്യതയുണ്ടെന്നും വിവിധ ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ ആദ്യഘട്ട കണക്കുകളാണ് ഇതെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മഴക്കെടുതിയും വരള്‍ച്ചയും അവലോകനം നടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരള്‍ച്ചാ ദുരിതാശ്വാസത്തിനായി എല്ലാ ജില്ലകള്‍ക്കും രണ്ട് കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കാനായി ടാങ്കര്‍ ലോറികളിലുള്‍പ്പെടെ ജലവിതരണം നടത്താനും പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണി, ജലസ്രോതസ്സുകളുടെ ശുചീകരണം തുടങ്ങിയ പ്രവത്തികള്‍ക്കുമാണിത്. അപകടകരമായ നിലയിലുള്ള മരങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റ് അടിയന്തര കാര്യങ്ങള്‍ക്കും ആവശ്യമായ തുക തിരുവനന്തപുരം ജില്ലക്ക് അനുവദിച്ചതില്‍ നിന്ന് വിനിയോഗിക്കാനും അനുമതി നല്‍കി. കൂടുതലായി ആവശ്യം വരുന്ന പണം ഓരോ ജില്ലക്കും മുന്‍ഗണനാ ക്രമത്തില്‍ അനുവദിക്കും.
വരള്‍ച്ചാ പ്രശ്‌നം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ 150 പഞ്ചായത്തുകള്‍ നടപടി ആരംഭിച്ചു. പാലക്കാട് ഭുഗര്‍ഭജലവിതാനം ഗണ്യമായി താഴ്ന്നതിനാല്‍ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ ജലമൂറ്റുന്നത് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള ഉപഭോഗം 50 ശതമാനമായി കുറക്കണമെന്നാണ് നിര്‍ദേശം. പഞ്ചായത്തുകളിലെ ആവശ്യം പരിഗണിച്ച് ജല കിയോസ്‌കുകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചു. വരള്‍ച്ചക്കുള്ള ശാശ്വത പരിഹാരം എന്ന നിലക്കാണ് കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത്. വരള്‍ച്ചക്ക് പരിഹാരം കാണാനായി തൃശൂരില്‍ നടപ്പാക്കിയ മഴപ്പൊലിമ പദ്ധതി വിജയകരമായിരുന്നു. വരള്‍ച്ചാ കാലത്ത് കിണറുകള്‍ റീ ചാര്‍ജ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. അതിനെ കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ ഈ വര്‍ഷം കുടിവെള്ള ക്ഷാമം കുറഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യുന്ന വിധം ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പദ്ധതി മറ്റ് ജില്ലകളിലും നടപ്പാക്കും. കുടിവെള്ള വിതരണത്തിനായി ചെറുകിട പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിഹാരം കാണുന്നതിന് മുന്‍ഗണന നല്‍കാനാണ് ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ടത്. വിവിധ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് അവയുടെ ആവശ്യകത പരിഗണിച്ചാണ് ഇത്തരം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി ജെ ജോസഫും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 14 ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിച്ചു.