Connect with us

Malappuram

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയല്‍: ഔദ്യോഗിക സംവിധാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും

Published

|

Last Updated

മലപ്പുറം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും മനുഷ്യകടത്ത് പോലുള്ള ഗൗരവമായ പ്രശ്‌നങ്ങളും തടയുന്നതിനായി ഔദ്യോഗിക സംവിധാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് “ഉജ്ജ്വല” പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂനിറ്റി വിജിലന്‍സ് ഗ്രൂപ്പ് യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി കലക്ടര്‍ പി മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.
മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി സരോജിനിയമ്മ സ്മാരക മഹിളാ സമാജമാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ സഹായത്തോടെ “ഉജ്ജ്വല” പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
മനുഷ്യക്കടത്ത് പല തരത്തില്‍ ജില്ലയില്‍ നടക്കുന്നുണ്ടെന്ന വസ്തുത ജനങ്ങളിലെത്തിക്കാനും അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനും തെരുവ് നാടകം പോലുള്ള വിവിധ കലാരൂപങ്ങളുമായി ജില്ലയുടെ പല ഭാഗങ്ങളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലയില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍ ഉജ്ജ്വലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അങ്കണ്‍വാടികളിലെ കിഷോരി ഗ്രൂപ്പുകളിലും സ്‌കൂളുകളിലെ കൗണ്‍സലര്‍മാര്‍ക്കും പ്രത്യേക ക്ലാസുകള്‍ നല്‍കാനും യോഗം തീരുമാനിച്ചു.
സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന പല തരത്തിലുള്ള ജീവിത സാഹചര്യങ്ങള്‍ കണ്ടെത്തി പൊതുജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണം നടത്തും. ഇതിനായി എല്ലാ പഞ്ചായത്തുകളിലുമുള്ള ജാഗ്രതാ സമിതികള്‍ക്ക് പുറമെ ഓരോ വാര്‍ഡിലും പ്രത്യേക സമിതിക്ക് രൂപം നല്‍കും.
യോഗത്തില്‍ മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജ, മഹിളാസമാജം പ്രസിഡന്റ് പി ഗൗരി, എ ഡി സി ജനറല്‍ കെ പി വേലായുധന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി സുകുമാരന്‍, പട്ടികജാതി വികസന ഓഫീസര്‍ കെ പി കൃഷ്ണകുമാര്‍, വനിതാക്ഷേമ ഓഫീസര്‍ വി കെ ശ്രീലത പങ്കെടുത്തു.