മാവോയിസ്റ്റ് ഭീഷണിയുള്ളപ്പോഴും പോലീസ് ജീപ്പ് കട്ടപ്പുറത്ത്

Posted on: April 30, 2014 8:56 am | Last updated: April 30, 2014 at 8:56 am

വെള്ളമുണ്ട: നിരന്തരം മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന കുഞ്ഞോം പ്രദേശം ഉള്‍പ്പെടുന്ന വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ വാഹനം കട്ടപ്പുറത്ത് കയറിയിട്ട് നാല്മാസം പിന്നിടുന്നു. ഇപ്പോള്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ജീപ്പാണ് സ്റ്റേഷനില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ നാല് ടയറും ബെല്‍ട്ടില്ലാതെ മൊട്ടയായി തീര്‍ന്നിട്ടുണ്ട്. ഇതുമായി രാത്രിയില്‍ യാത്ര ചെയ്യാന്‍ പ്രയാസമാണ്. നേരത്തെയുണ്ടായിരുന്ന ജീപ്പിന്റെ ക്ലച്ചിന്റെ തകരാര്‍ പരിഹരിക്കാന്‍ ഫണ്ടനുവദിക്കാത്തതാണ് സ്റ്റേഷനില്‍ വാഹന പ്രശ്‌നം സൃഷ്്ടിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരത്തിലാണ് കുഞ്ഞോം വനമേഖല സ്ഥിതി ചെയ്യുന്നത്. രാത്രി സമയങ്ങളില്‍ ഈ വാഹനവുമായി അവിടെ എത്തിപ്പെടുകയെന്നത് പ്രയാസകരമാണ്. ജില്ലയില്‍ തന്നെ കൂടുതല്‍ പരിധികളുള്ള സ്റ്റേഷനുകളിലൊന്നാണ് വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍.