അമോണിയം നൈട്രേറ്റ്: കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു

Posted on: April 30, 2014 1:25 am | Last updated: April 30, 2014 at 12:25 am

തിരുവനന്തപുരം: അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും പശ്ചാത്തലവും മുന്‍കാല ചെയ്തികളും സ്വഭാവവും മറ്റ് വ്യക്തിഗത വിവരങ്ങളും ലോക്കല്‍ പോലീസിന് പരിശോധനക്കായി നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. പോലീസ് പരിശോധനക്കു ശേഷം അനുമതി കിട്ടുന്ന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാത്രമേ ഇതിനുപയോഗിക്കാവൂവെന്നും ചട്ടങ്ങളില്‍ വ്യക്തമാണ്. ലൈസന്‍സ് ലഭിച്ചവര്‍ സ്വന്തം ചെലവില്‍ അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. തന്ത്രപ്രധാന വഴികളിലൂടെ ഇവ കൊണ്ടുപോകുമ്പോള്‍ ജില്ലാ പോലീസ് ഒരുക്കുന്ന സായുധ പോലീസിന്റെ അകമ്പടിയുമുണ്ടാകണം. കേന്ദ്ര ആഭ്യന്തര വകുപ്പ് നോട്ടിഫൈ ചെയ്തിട്ടുളള തന്ത്രപ്രധാന സ്ഥലങ്ങളിലൂടെ രാത്രികാലങ്ങളിലെ യാത്ര അനുവദിക്കരുത്. അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന കാര്യവും എവിടെ നിന്ന് എങ്ങോട്ടേക്ക് കൊണ്ടുപോകുന്നുവെന്ന വിവരവും ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്ക് രേഖാമൂലം നല്‍കിയിരിക്കണം.
അമോണിയം നൈട്രേറ്റ് കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ഡ്രൈവറോ ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ജില്ലാധികാരികളെയും ഏറ്റവും അടുത്തുളള പോലീസ് സ്റ്റേഷനെയും അറിയിക്കണം. അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്ന മുറിയുടെ താക്കോല്‍ കൈവശമുളള അംഗീകൃത ഏജന്റിന്റെ പേര്, വിലാസം, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവ ബന്ധപ്പെട്ട ലൈസന്‍സിംഗ് അതോറിറ്റിക്കും ജില്ലാഅതോറിട്ടിക്കും നല്‍കണം. കമ്മീഷണര്‍ മുതല്‍ എസ് ഐ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ ചട്ടങ്ങള്‍പ്രകാരം തങ്ങളുടെ അധികാരപരിധിയിലുളള പ്രദേശത്ത് പരിശോധനനടത്താനും ചട്ടവിരുദ്ധമായി സൂക്ഷിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുന്ന അമോണിയം നൈട്രേറ്റ് പിടിച്ചെടുക്കുവാനും അധികാരം നല്‍കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്റെ മോഷണം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ജില്ലാ അധികാരികളെയും അപകടവിവരങ്ങള്‍ അടുത്തുളള പോലീസ് സ്റ്റേഷനിലുള്‍പ്പെടെയുളള ബന്ധപ്പെട്ട അധികാരികളെയും നോട്ടീസ് മുഖേന അറിയിക്കണമെന്നും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉറപ്പുവരുത്താന്‍ പോലീസ് ജാഗ്രതാപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.