നഗരത്തിലെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

Posted on: April 30, 2014 12:47 am | Last updated: April 29, 2014 at 9:48 pm

കാസര്‍കോട്: വിദ്യാനഗര്‍ 110 കെ വി സബ് സ്റ്റേഷന്റെ ശേഷി കൂട്ടുന്നതിനായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പ്രഖ്യാപിച്ചതിലും രണ്ട് ദിവസം മുമ്പാണ് പൂര്‍ത്തീകരിച്ചത്. വിദ്യാനഗറില്‍ 10 എം വി എ ട്രാന്‍സ്‌ഫോമര്‍ മാറ്റി 20 എം വി എ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ 23 നാണ് തുടങ്ങിയത്. 28ന് രാത്രി 11 മണിക്ക് പഴയ ട്രാന്‍സ്‌ഫോമര്‍ മാറ്റിയ ശേഷം പുതിയ 20 എം വി എ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു. 30 ന് രാവിലെയോടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേനലിന്റെ കാഠിന്യത്തിലും ഈ പ്രവൃത്തി നടപ്പാക്കിയത്. പ്രതികൂല കാലാവസ്ഥയിലും പ്രവൃത്തിയുമായി സഹകരിച്ച എല്ലാ നാട്ടുകാര്‍ക്കും രാപ്പകല്‍ കഠിനാധ്വാനം ചെയ്ത് പ്രവൃത്തി നേരത്തെ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചു. വിദ്യാനഗര്‍ സബ് സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോമറുകളുടെ ശേഷി 20 എം വി എ ആയി. കാസര്‍കോട് നഗരങ്ങളിലും പരിസരങ്ങളിലും വൈദ്യുതി തടസ്സത്തിനും, വോള്‍ട്ടേജ് വ്യതിയാനത്തിനും ഇതോടെ പരിഹാരമാകും. നഗരത്തില്‍ അപേക്ഷിച്ചിട്ടുളള കൂടുതല്‍ പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിന് സാധിക്കും.
വിദ്യാനഗര്‍ 110 കെ വി സബ് സ്റ്റേഷന്റെ ശേഷി കൂട്ടുന്ന പ്രവൃത്തികള്‍ മൂലം എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ടായ പ്രയാസങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡിനുവേണ്ടി കെ എസ് ഇ ബി കാസര്‍കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി ബിപിന്‍ ശങ്കര്‍ ഖേദം പ്രകടിപ്പിച്ചു. ഭാവിയില്‍ കാസര്‍കോട് ടൗണ്‍ വൈദ്യുതി വിതരണം തടസ്സം ഒഴിവാക്കുന്നതിന് സ്ഥാപിക്കുന്ന നിര്‍ദിഷ്ട 33 കെ വി സബ്‌സ്റ്റേഷന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാനാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നത്.