Connect with us

Wayanad

കസ്തൂരിരംഗന്‍: പരിസ്ഥിതി സംവേദക മേഖലകളുടെ മാപ്പിംഗ് അന്തിമ ഘട്ടത്തില്‍

Published

|

Last Updated

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതിയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കുന്ന പരിസ്ഥിതി സംവേദക മേഖലകളുടെ മാപ്പിംഗ് അന്തിമഘട്ടത്തില്‍.
ഇക്കോ സെന്‍സിറ്റീവ് ഏരിയ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ 123 വില്ലേജുകളില്‍ ഭൂരിഭാഗം വില്ലേജുകളുടെയും അന്തിമരൂപ രേഖ ഈ മാസം 30 ന് പ്രസിദ്ധീകരിക്കും. ഇതിനു ക്രോഡീകരണം നടന്നുവരികയാണ്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, സംസ്ഥാന ഭൂരേഖ വകുപ്പ്, സര്‍വേ വകുപ്പ് എന്നിവയുടെ പ്രതിനിധികളാണ് മാപ്പിംഗ് നടത്തുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തയ്യാറാക്കിയ പ്രാദേശിക ഭൂപടം ക്രോഡീകരിച്ചാണ് 123 വില്ലേജുകളുടെ ഗ്രൂപ്പ് മാപ്പിംഗ് നടത്തുന്നത്. സംശയ ദുരീകരണത്തിനായി ചില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെയും വില്ലേജ് ഓഫീസര്‍മാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു. ഭൂപടങ്ങളുടെ പരിശോധന തിങ്കളാഴ്ചയും തുടര്‍ന്നു. ഇതിനിടെ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പരിഷ്‌ക്കരിച്ച കരട് ഇ എസ് എ ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചു. വയനാട് ജില്ലയിലെ പേരിയ, തൊണ്ടര്‍നാട്, കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, പാലക്കാട് ജില്ലയിലെ പാലക്കയം, തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഉള്‍പ്പെടെ 43 വില്ലേജുകളുടെ ഭൂപടമാണ് പ്രസിദ്ധീകരിച്ചത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനും എതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായ സാഹചര്യത്തിലാണ് ഉമ്മന്‍ വി ഉമ്മന്‍ അധ്യക്ഷനായ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. റിപ്പോര്‍ട്ട് ബാധിക്കുന്ന ജില്ലകളില്‍ സമിതി സന്ദര്‍ശനം നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വില്ലേജ് തലത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ വില്ലേജ് സമിതികള്‍ ഉണ്ടാക്കി ഭൂപടങ്ങളും റിപ്പോര്‍ട്ടും തയ്യാറാക്കി സമര്‍പ്പിക്കാന്‍ തീരുമാനമായത്.

 

 

Latest