Connect with us

Ongoing News

വിമാനത്താവളത്തിലെ ലൈംഗികാരോപണം: പരാതി വ്യാജമെന്ന് വനിതാ ജീവനക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ വി എന്‍ ചന്ദ്രനെതിരെ ലൈംഗിക ആരോപണമുന്നയിച്ച് നല്‍കിയ പരാതി വ്യാജമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ടെലികോം വിഭാഗം സൂപ്പര്‍വൈസര്‍ ത്രേസ്യാമ്മ ജോണി. തന്റെ പേരിലാണ് ആരോ വ്യാജ ഒപ്പിട്ട് പരാതി നല്‍കിയത്. ഇതിന്റെ അന്വേഷണത്തിനായി പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോഴാണ് ഇക്കാര്യം താന്‍ അറിയുന്നതെന്നും ത്രേസ്യാമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡയറക്ടര്‍ക്കെതിരെ ലൈംഗികാരോപണമുന്നയിച്ച് മറ്റ് മൂന്ന് വനിതാ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. അവരും പരാതി നല്‍കിയ വിവരം നിഷേധിക്കുന്നുണ്ടെന്ന് ത്രേസ്യാമ്മ പറഞ്ഞു. 18 സ്ത്രീകളുടെ ഒപ്പോടുകൂടിയ പരാതിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഡി ജി പി തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ക്ക് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ തന്റെ പേരില്‍ നല്‍കിയ പരാതി മാര്‍ച്ച് 13നാണ് പോലീസ് മുഖേന താന്‍ അറിഞ്ഞതെന്ന് അവര്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ വ്യാജ പരാതിയില്‍ പങ്കുണ്ടെന്ന് ഇന്ത്യ എയര്‍പോര്‍ട്ട് കാംഗാര്‍ യൂനിയന്‍ (ഐ എന്‍ ടി യു സി) എയര്‍പോര്‍ട്ട് ബ്രാഞ്ച് പ്രസിഡന്റ്‌സി വി പ്രേംകുമാര്‍ ആരോപിച്ചു. ജൂലൈ മാസത്തില്‍ വിരമിക്കുന്ന ഡയറക്ടര്‍ വി എന്‍ ചന്ദ്രനെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടുള്ളത്. വ്യാജ പരാതി നല്‍കിയതിനെതിരെ ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരികളാണ് ഡയറക്ടര്‍ക്കെതിരെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയത്. പ്രാഥമിക തെളിവെടുപ്പ് പോലും നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി കമ്മീഷന്‍ രൂപവത്കരിച്ച് തെളിവെടുപ്പിന് നോട്ടീസ് നല്‍കിയെങ്കിലും മൂന്ന് തവണയും തെളിവെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
അവിഹിത ബന്ധത്തിന് സമ്മര്‍ദം ചെലുത്തുന്നു എന്നതായിരുന്നു മൂന്ന് പേരുടെയും പരാതിയുടെ ഉള്ളടക്കം. ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും അര്‍ധരാത്രി ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യാറുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പലതവണ വിലക്കിയിട്ടും ഫോണ്‍വിളി തുടര്‍ന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് തങ്ങള്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും ഇത്തരം കോളുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികാരമായി ഡയറക്ടര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ സീനിയര്‍ സൂപ്രണ്ട് ബിനു ലക്ഷ്മി, എച്ച് ആര്‍ സൂപ്പര്‍വൈസര്‍ മുക്ത മുലാരി പങ്കെടുത്തു.

 

Latest