Connect with us

Ongoing News

ഏഴാം ഘട്ടം: പരസ്യ പ്രചാരണം അവസാനിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബുധനാഴ്ച നടക്കുന്ന ഏഴാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെതും ഉള്‍പ്പെടെ 89 സീറ്റുകളിലേക്കാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന രാഷ്ട്രീയ നേതാക്കള്‍ മത്സരിക്കുന്നത് ഈ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ വ്യക്തിപരമായ പരാമര്‍ശങ്ങളും വിവാദങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയും കേസും എല്ലാം ഈ ഘട്ടത്തിന്റെ പ്രചാരണത്തിനിടെയുണ്ടായി.
ബി ജെ പിയുടെ മിക്ക പ്രമുഖ നേതാക്കളും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളും ബുധനാഴ്ച ജനവിധി തേടുന്നവരില്‍പ്പെടുന്നു. വഡോദരയില്‍ നിന്ന് നരേന്ദ്ര മോദിയും ഗാന്ധി നഗറില്‍ നിന്ന് എല്‍ കെ അഡ്വാനിയും അമൃത്‌സറില്‍ നിന്ന് അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ലക്‌നോവില്‍ നിന്നും ഝാന്‍സിയില്‍ നിന്ന് ഉമാഭാരതിയും ദര്‍ബംഗയില്‍ നിന്ന് കീര്‍ത്തി ആസാദുമാണ് ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലിയില്‍ നിന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല ശ്രീനഗറില്‍ നിന്നും മത്സരിക്കും.
ഗുജറാത്തിലെയും (26) പഞ്ചാബിലെയും (13) മുഴുവന്‍ മണ്ഡലങ്ങളിലും നാളെയാണ് തിരഞ്ഞെടുപ്പ്. ഇതിന് പുറമെ പശ്ചിമബംഗാളിലെ ഒമ്പതും ജമ്മു കാശ്മീരിലെ ഒന്നും ആന്ധ്രാപ്രദേശിലെ തെലങ്കാന മേഖലയിലുള്ള പതിനേഴും ബീഹാറിലെ ഏഴും ഉത്തര്‍പ്രദേശിലെ പതിനാലും ദാദ്ര നഗര്‍ ഹവേലി, ദമാന്‍ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത രാഷ്ട്രീയ വാഗ്വാദങ്ങളാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായത്. ഫാറൂഖ് അബ്ദുല്ല മത്സരിക്കുന്ന ശ്രീനഗറില്‍ ബീഹാറിലെ ഗിരിരാജ് സിംഗിന്റെ പ്രസ്താവനയാണ് ചൂടേറിയ പ്രചാരണ വിഷയം.
രാജ്യത്ത് വര്‍ഗീയ കക്ഷി വന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതായി മാറുമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. മോദിയെ പിന്തുണക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിയും ഫാറൂഖ് അബ്ദുല്ലയും മതേതരത്വ വിഷയത്തില്‍ നേരിട്ട് ഏറ്റുമുട്ടി. കാശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ വിശദീകരണം. ഇത്തരം പ്രചാരണങ്ങള്‍ക്കൊടുവിലാണ് കാശ്മീരിലെ പ്രചാരണം അവസാനിച്ചത്.
ബംഗാളില്‍ മമതക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായാണ് മോദി പ്രചാരണം നടത്തിയത്. മമതയുടെ ചിത്രങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് 1.8 കോടി രൂപ എങ്ങിനെ ലഭിച്ചുവെന്ന വിവാദമാണ് മോദി ഉയര്‍ത്തിയത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും നേതാക്കളും രംഗത്തു വന്നു. മോദി പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന തൃണമൂലിന്റെ മറുപടിയോടെയാണ് ബംഗാളില്‍ പ്രചാരണം അവസാനിച്ചത്.

Latest