ബദിയഡുക്കയില്‍ പ്രതീകാത്മക റോഡ് നിര്‍മിച്ച് ഉപരോധം

Posted on: April 29, 2014 12:51 am | Last updated: April 28, 2014 at 11:52 pm

ബദിയഡുക്ക: സീതാംഗോളി-ബദിയഡുക്ക റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പ്രതീകാത്മക റോഡ് നിര്‍മിച്ച് ഉപരോധിച്ചു. ഉപരോധത്തിനിടയില്‍ സമരസമിതി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സമരത്തില്‍ മാസങ്ങളോളമായി ദുരിതയാത്രയനുഭവിക്കുന്ന നാട്ടുകാരുടെ പ്രതിഷേധമിരമ്പി.
ഇന്നലെ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് കര്‍മസമിതി നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. ഉപരോധത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. കരാറുകാരനും ബന്ധപ്പെട്ടവരും റോഡ് നിര്‍മാണത്തില്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിനു പേര്‍ രംഗത്തിറങ്ങിയത് സമരത്തിന് ആധിക്യം വര്‍ധിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, മോട്ടോര്‍ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. ബദിയടുക്ക, ഗോളിയടുക്ക, കാനത്തില, നീര്‍ച്ചാല്‍, ബേള, സീതാംഗോളി എന്നിവിടങ്ങളില്‍ വിവിധ രീതികളിലാണ് സമരം സംഘടപ്പിച്ചത്. ബദിയടുക്കയില്‍ റോഡില്‍ ചായവെച്ചും പ്രതികാത്മകമായി റോഡ് നിര്‍മിച്ചുമാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. നീര്‍ച്ചാലില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ റോഡില്‍ വണ്ടി നിര്‍ത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. മറ്റിടങ്ങളില്‍ റോഡിന് കുറുകെ കല്ലുകളിട്ട് തടസം സൃഷ്ടിച്ചു.
ബദിയഡുക്ക പോലീസ് സ്‌റ്റേഷനു സമീപത്ത് റോഡിലെ തടസങ്ങള്‍ നീക്കാന്‍ പോലീസ് ശ്രമിച്ചത് ഏറെ നേരത്തെ വാക്കേറ്റത്തിനും ഉന്തിനും തള്ളലിനുമിടയാക്കി. പോലീസ് പിന്തിരിഞ്ഞ് പോയതിനാല്‍ മറ്റു അനിഷ്ട സംഭവങ്ങളുണ്ടായില്ല.
ബദിയഡുക്ക-സീതാംഗോളി റൂട്ടില്‍ കാല്‍നടയാത്ര പോലും ദുസ്സഹമായ സാഹചര്യമാണുള്ളത്. അടുത്തമാസം കരാര്‍ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ നിര്‍മാണം പൂര്‍ണമായും നിലച്ച മട്ടാണ്. റോഡിന്റെ ശോചനീയാവസ്ഥ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമ്പോള്‍ അധികൃതര്‍ കാണിക്കുന്ന നിലപാട് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തെത്തിയിട്ടുള്ളത്. സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എസ് എന്‍ മയ്യ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ എന്‍ കൃഷ്ണഭട്ട്, മാഹിന്‍ കേളോട്ട്, ബാലസുബ്രഹ്മണ്യ, സി രാമപാട്ടാളി, ജഗന്നാഥഷെട്ടി, മഹേഷ് നിടുകള, ബി എസ് ഇബ്‌റാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.