കുരുമുളകിന് റെക്കോര്‍ഡ് വില: റബ്ബര്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍

Posted on: April 28, 2014 11:02 am | Last updated: April 28, 2014 at 11:02 am

കൊച്ചി: ഇന്ത്യന്‍ കുരുമുളക് വില 71,000 വരെ ഉയര്‍ന്ന് റെക്കോര്‍ഡ് സ്ഥാപിച്ചു. ചരക്ക് ക്ഷാമം ചുക്ക് വില വീണ്ടും ഉയര്‍ത്തി. നാളികേരോല്‍പ്പന്നങ്ങള്‍ മികവ് നിലനിര്‍ത്തി. റബ്ബര്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വിലയില്‍. പവനു തിളക്കമേറി.
ഉത്തരേന്ത്യന്‍ ഡിമാന്‍ഡാണ് കുരുമുളകിനെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 62,500 രൂപയില്‍ നിന്ന് 71,000 വരെ ഉയര്‍ന്ന ശേഷം 69,000 രൂപയിലാണ്. ഉത്പാദന മേഖലയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ചരക്ക് വരവ് ചുരുങ്ങി. വിളവെടുപ്പ് പുരോഗമിക്കുന്ന കുടകില്‍ നിന്ന് കാര്യമായ തോതില്‍ കുരുമുളക് വില്‍പ്പനക്ക് ഇറങ്ങിയില്ല. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 11,000 ഡോളറില്‍ നിന്ന് 12,500 വരെ കയറി.
ആഭ്യന്തര മാര്‍ക്കറ്റിലെ ഉയര്‍ന്ന നില നേട്ടമാക്കാന്‍ ഇറക്കുമതി ലോബി പുതിയ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടു. വിയറ്റ്‌നാമില്‍ നിന്നുള്ള വില കുറഞ്ഞ കുരുമുളക് ഇറക്കുമതി നടത്താന്‍ കച്ചവടങ്ങള്‍ ഉറപ്പിച്ചുട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ വിയറ്റ്‌നാം 8000-9000 ഡോളറിനു ഉത്പന്നം കയറ്റുമതി നടത്തുന്നുണ്ട്.
ചുക്ക് വിലയില്‍ മുന്നേറ്റം. വിപണിയിലും കാര്‍ഷിക മേഖലയിലും ചുക്കിനു ക്ഷാമം. പച്ച ഇഞ്ചിയുടെ ഉയര്‍ന്ന വില മൂലം ചുക്ക് ഉത്പാദകര്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. ചരക്ക് സ്‌റ്റോക്കുള്ളവര്‍ ഉയര്‍ന്ന വിലയാണ് ചുക്കിനു ആവശ്യപ്പെടുന്നത്. രണ്ടാഴ്ചകൊണ്ട് ചുക്ക് വില 7,500 രൂപ ഉയര്‍ന്നു. കൊച്ചിയില്‍ മീഡി യം ചുക്ക് 32,000 രൂപയില്‍ നിന്ന് 35,000 രൂപയായി. ബെസ്റ്റ് ചുക്ക് 34,000 രൂപയില്‍ നിന്ന് റെക്കോര്‍ഡായ 36,500 രൂപയായി.
നാളികേര വിളവെടുപ്പ് ഊര്‍ജിതമായെങ്കിലും കൊപ്രയുടെ ലഭ്യത ഉയര്‍ന്നില്ല. തമിഴ്‌നാട്ടിലെ മില്ലുകള്‍ കേരളത്തില്‍ നിന്ന് തേങ്ങ സംഭരിക്കുകയാണ്. കൊപ്ര വില 10,600 രൂപയില്‍ നിന്ന് 11,000 രൂപയായി. വെളിച്ചെണ്ണയാകട്ടെ ക്വിന്റലിന് 700 രൂപ വര്‍ധിച്ച് റെക്കോര്‍ഡായ 15,500 ല്‍ എത്തിയ ശേഷം 15,300 ലാണ്. മാസാരംഭ ഡിമാന്‍ഡ് മുന്നില്‍ കണ്ട് മില്ലുകാര്‍ സ്‌റ്റോക്ക് വില്‍പ്പനക്ക് ഇറക്കാം.
റബ്ബര്‍ വില അഞ്ച് വര്‍ഷത്തിനിടയിലെ താഴ്ന്ന തലം ദര്‍ശിച്ചു. ടയര്‍ നിര്‍മാതാക്കള്‍ മുഖ്യ വിപണികളില്‍ താഴ്ന്ന നിരക്കില്‍ ക്വട്ടേഷന്‍ ഇറക്കി. നാലാം ഗ്രേഡ് റബ്ബര്‍ 14,500 രൂപയില്‍ നിന്ന് 14,000 ആയി. അഞ്ചാം ഗ്രേഡ് റബ്ബര്‍ 13,600 രൂപയിലുമാണ്. കൊച്ചിയില്‍ 800 ടണ്‍ റബ്ബറിന്റെ വിപണനം നടന്നു.
കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന്‍ 22,160 രൂപയില്‍ നിന്ന് 22,760 രൂപയായി. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിനു 1295 ഡോളറില്‍ നിന്ന് 1282 ഡോളറായി.