Connect with us

Kerala

എന്‍ എസ് എസ്സിനെതിരെ മലബാറിലെ നായന്‍മാര്‍ സംഘടിക്കുന്നു

Published

|

Last Updated

കോഴിക്കോട്: എന്‍ എസ് എസിനെതിരെ മലബാര്‍ നായന്‍മാര്‍ സംഘടിക്കുന്നു. എന്‍ എസ് എസ്സിന്റെ നയങ്ങളിലും നിലപാടുകളിലും അതൃപ്തിയുള്ള മലബാറിലെ നായര്‍ സമുദായ അംഗങ്ങള്‍ മലബാര്‍ നായര്‍ സമാജം എന്ന പേരിലാണ് സംഘടിക്കുന്നത്. മലബാറിനോടുള്ള എന്‍ എസ് എസ്സിന്റെ അവഗണനയും പുതിയ സംഘടനയുടെ രൂപവത്കരണത്തിന് കാരണമായി പറയുന്നുണ്ട്.
സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനാ യോഗം ഇന്നലെ കോഴിക്കോട്ട് ചേര്‍ന്നു. നഗരത്തിലെ പന്നിയങ്കരയില്‍ സംഘടനയുടെ ആദ്യ യൂനിറ്റും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാറിലെ എല്ലാ ജില്ലകളിലും സംഘടനയെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
എന്‍ എസ് എസ് ചിലരുടെ കൈപ്പിടിയിലാണെന്നും ഇവരുടെ താത്പര്യങ്ങള്‍ മാത്രമാണ് എന്‍ എസ് എസ്സിന്റെ താത്പര്യമായി പ്രചരിപ്പിക്കപ്പെടുന്നതെന്നുമാണ് മലബാര്‍ നായര്‍ സമാജത്തിന്റെ സംഘാടകര്‍ ആരോപിക്കുന്നത്. എന്‍ എസ് എസ്സിന്റെ രാഷ്ട്രീയ നിലപാടുകളില്‍ പോലും ഈ വ്യക്തികളുടെ താത്പര്യങ്ങള്‍ കാണാനാകുമെന്നും ഇവര്‍ പറയുന്നു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സമദൂരവും ശരിദൂരവും പ്രഖ്യാപിക്കുന്നവര്‍ മുഴുവന്‍ നായന്‍മാരുടെയും നിലപാട് അന്വേഷിക്കാറില്ല.
കീഴ് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്‌തോ റഫറണ്ടം നടത്തിയോ അല്ല രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത്. എന്‍ എസ് എസ്സിന്റെ നേതൃനിരയിലെ ഏതാനും പേരുടെ വ്യക്തിതാത്പര്യം മാത്രമായി ഇത്തരം തീരുമാനങ്ങള്‍ ഒതുങ്ങി പോകുന്നെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
സംവരണത്തിന് അര്‍ഹതയില്ലാത്ത നായന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍ അതിലൊന്നും ഫലപ്രദമായ ഇടപെടല്‍ നടത്താതെ വാര്‍ത്തകളില്‍ ഇടം പിടക്കുന്ന വര്‍ത്തമാനങ്ങള്‍ പറയാനാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് കൂടുതല്‍ താത്പര്യമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ കുറ്റുപ്പെടുത്തി. എന്‍ എസ് എസ് മലബാര്‍ മേഖലയെ പാടെ അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
എന്‍ എസ് എസ്സിന് മലബാറില്‍ ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും അവയുടെ നടത്തിപ്പ് പോലും കേന്ദ്ര കമ്മിറ്റി നേരിട്ടാണ്. അതാത് മേഖലയിലുള്ളവര്‍ ലെവി കൊടുക്കുന്നവര്‍ മാത്രമാണ്. അവര്‍ക്ക് നടത്തിപ്പില്‍ ഒരു പങ്കാളിത്തവുമില്ല. മലബാറിലെ നായര്‍ സമുദായത്തില്‍ പെട്ടവര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസരം കിട്ടാതെ കഴിയുന്നു. എന്നാല്‍ ഏക്കര്‍ കണക്കിന് സ്ഥലവും ഫണ്ടും ഉണ്ടായിട്ടും കഴിഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ ഒരു എന്‍ജിനീയറിംഗ് കോളജോ മെഡിക്കല്‍ കോളജോ മലബാറില്‍ ആരംഭിക്കാന്‍ എന്‍ എസ് എസ് ശ്രമിച്ചിട്ടില്ലെന്നും യോഗത്തില്‍ വികാരമുയര്‍ന്നു.
എന്‍ എസ് എസിന്റെ പിടിപ്പുകേടും നായര്‍ സമുദായത്തിന് നേതാക്കള്‍ ഉണ്ടാക്കുന്ന അപമാനവുമാണ് പുതിയ സമുദായ സംഘടന ഉണ്ടാക്കാന്‍ കാരണമെന്ന് മുഖ്യ സംഘാടകരിലൊരാളായ അഡ്വ പി ടി എസ് ഉണ്ണി സിറാജിനോട് പറഞ്ഞു. ഇന്നലെ നടന്ന യോഗം റിട്ട ജസ്റ്റിസ് എന്‍ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് ആ ജീവാനന്ത അംഗം എന്‍ ശ്രീറാം അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ്സില്‍ നിന്നുണ്ടാകുന്ന അവഗണനയും അപമാനവും യോഗത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു.
അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ലാ തലത്തിലും താലൂക്ക് തലങ്ങളിലും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. എന്‍ എസ് എസിന്റെ നിലപാടുകളില്‍ അതൃപ്തിയുള്ളവരെയും സമുദായ സംഘടനയോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരെയുമാണ് നായര്‍ സമാജം ലക്ഷ്യം വെക്കുന്നത്.