കുഞ്ഞെഴുത്തുകാര്‍ വൈലാലിലെ മാങ്കോസ്റ്റിന്‍ ചുവട്ടില്‍

Posted on: April 28, 2014 10:28 am | Last updated: April 28, 2014 at 10:28 am

കോഴിക്കോട്: സാഹിത്യതറവാട്ടിലെ തലമുതിര്‍ന്നവര്‍ പലവട്ടം ചമ്രംപടിഞ്ഞിരുന്ന ആ മാങ്കോസ്റ്റിന്റെ ചുവട്ടില്‍ ഇന്നലെ ഇളമുറക്കാരുടെ കൂട്ടവും വട്ടമിട്ടിരുന്നു. തങ്ങള്‍ വായിച്ചറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ തായ്‌വേരുകള്‍ തേടി കുട്ടിക്കഥാകാരന്മാരും കഥാകാരികളും വൈലാലിലെ മാങ്കോസ്റ്റന്‍ ചുവട്ടില്‍ എത്തുകയായിരുന്നു.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന കഥാ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളാണ് ഇന്നലെ രാവിലെ ബേപ്പൂരിലെ വൈലാലില്‍ സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് തേടിയെത്തിയത്.
ന്റുപ്പുപ്പാന്റെ ആനയും വിശ്വവിഖ്യാതമായ മൂക്കും ബാല്യകാലസഖിയുമൊക്കെ കുട്ടികളുടെ പ്രഭാത ചര്‍ച്ചകളില്‍ നര്‍മം വിതറി. ബേപ്പൂര്‍ സുല്‍ത്താന്റെ ഭാര്യ ഫാബി ബഷീറുമായുള്ള സംവാദം കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ബഷീറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഏതെന്ന കുട്ടികളുടെ ചോദ്യത്തിന് പാത്തുമ്മായുടെ ആട്’എന്ന മറുപടി അവരില്‍ നിന്ന് ഞൊടിയിടയിലുണ്ടായി. കഥയിലെ പാത്തുമ്മയുടെയും പാത്തുമ്മയുടെ മകള്‍ ഖദീജയുടെയുമൊക്കെ ജീവിത സാഹചര്യങ്ങളെ സ്‌നേഹവാത്സല്യങ്ങളോടെ കുട്ടികളുമായി അവര്‍ പങ്കുവെച്ചു.
മഹാകഥാകാരന്റെ സഹധര്‍മിണിയോടൊപ്പം ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും കുട്ടികള്‍ മത്സരിച്ചു.
താന്‍ അനുഭവിച്ച ജീവിത യാഥാര്‍ഥ്യങ്ങളെ സരസവും ലളിതവുമായി വായനക്കാരിലെത്തിക്കുകയായിരുന്നു മിക്ക കഥാപാത്രങ്ങളിലൂടെയും ബഷീര്‍ ചെയ്തതെന്ന് ഫാബി ബഷീര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 10നും 16നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ക്യാമ്പ് അംഗങ്ങള്‍. വൈക്കം മുഹമ്മദ് ബഷീ റിന്റെ പഴയ ഫോട്ടോയും പുരസ്‌കാരങ്ങളും കൃതികളുമെല്ലാം സൂക്ഷിച്ച മുറിയില്‍ തീര്‍ഥയാത്രയുടെ പവിത്രതയോടെയാണ് കൊച്ചു അക്ഷരസ്‌നേഹികള്‍ പ്രവേശിച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍, ഭരണസമിതി അംഗങ്ങളായ എം ചന്ദ്രപ്രകാശ്, അജിത് വെണ്ണിയൂര്‍, ടി ഷൈബിന്‍, പി വി ഷറഫുന്നിസ, എഡിറ്റര്‍ ഡോ. രാധിക സി നായര്‍, പബ്ലിക്ക് റിലേഷന്‍ ഓഫിസര്‍ പി ജി എം നായര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലായി നടത്തുന്ന സര്‍ഗവസന്തം- 2014 ന്റെ ഭാഗമായാണ് കഥാക്യാമ്പ് സംഘടിപ്പിച്ചത്.
ഇന്ന് രാവിലെ പി കെ പാറക്കടവ്, യു കെ കുമാരന്‍ എന്നിവര്‍ ക്ലാസ് നയിക്കും. 10ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എം കെ രാഘവന്‍ എം പി വിതരണം ചെയ്യും. യു എ ഖാദര്‍ മുഖ്യാതിഥിയായിരിക്കും.