Connect with us

Articles

എല്ലാ കണക്കുകളും തെറ്റിയേക്കാവുന്ന തിരഞ്ഞെടുപ്പ്

Published

|

Last Updated

പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ട് വെച്ച് വിജയപരാജയങ്ങള്‍ വിലയിരുത്തുകയാണ് ഇടതു വലതു മുന്നണികള്‍. ഒപ്പം ഒന്നു രണ്ട് സീറ്റില്‍ ചില ഒഴുക്കന്‍ പ്രവചനങ്ങള്‍ ബി ജെ പിയും നടത്തുന്നുണ്ട്. മൊത്തം 20ല്‍ 15 സീറ്റെന്ന് യു ഡി എഫ്; 14 വരെ സീറ്റെന്ന് എല്‍ ഡി എഫും അവകാശപ്പെടുന്നു. ഇവിടെ രണ്ട് കൂട്ടരും തോല്‍വി സമ്മതിക്കുന്നുമുണ്ട്. കഴിഞ്ഞ(2009) തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കിട്ടിയത് കഷ്ടി നാല് സീറ്റ്. അതിനേക്കാള്‍ സീറ്റ് അവര്‍ക്ക് കിട്ടുമെന്ന് (അഞ്ച്) യു ഡി എഫ് തന്നെ സമ്മതിച്ചിരിക്കുന്നു. മറുവശത്ത് എതിരാളികള്‍ക്ക് ആറ് സീറ്റുകള്‍ വരെ കിട്ടുമെന്ന ഇടതുപക്ഷത്തിന്റെ സമ്മതവും പിറകോട്ടടിയാണ്. 2004ലും 2009ലും കേരളത്തിലെ ഭരണകക്ഷിക്ക് വന്‍ തിരിച്ചടിയുണ്ടായി. അന്നത്തേക്കാള്‍ മോശമായ അവസ്ഥയിലാണ് കേരളത്തിലെയും കേന്ദ്രത്തിലേയും ഭരണകക്ഷി. അതനുസരിച്ചാണെങ്കില്‍ യു ഡി എഫിന് പരമാവധി നാല് സീറ്റേ കിട്ടാന്‍ പാടുള്ളൂ. ഇവിടെ ഇടതുപക്ഷം ആറ് സീറ്റ് യു ഡി എഫിന് ഇപ്പോള്‍ തന്നെ നല്‍കിക്കഴിഞ്ഞിരിക്കുന്നു. അതൊക്കെ എന്തായാലും കേരളത്തിലെ ഇടതുവലതു മുന്നണികള്‍ പറയുന്ന കണക്ക് ശരിയാകണമെങ്കില്‍ ഇവിടെ 30 സീറ്റെങ്കിലും വേണം.!
വലതു പക്ഷ കക്ഷികളുടെ കണക്കുകള്‍ പൊതുവെ അത്ര വിശ്വാസയോഗ്യമായി ആരും കണക്കാക്കാറില്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെത് ഒരു പരിധി വരെ ശരിയായാകാറാണ് മുന്‍ കാലങ്ങളില്‍ പതിവ്. (2009ലെ തിരഞ്ഞെടുപ്പിന് ശേഷം 12 സീറ്റ് കിട്ടുമെന്ന് പറഞ്ഞിരുന്നു ഇടതുപക്ഷം എന്ന വസ്തുത തല്‍ക്കാലം വിടുന്നു.) എങ്ങനെയാണ് രാഷ്ട്രീയ കക്ഷികള്‍ ഇങ്ങനെയൊരു കണക്കുണ്ടാക്കുന്നത്? ഇടതുപക്ഷമാകട്ടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കണക്കുകള്‍ തയ്യാറാക്കും. ഓരോ വീട്ടിലെയും വോട്ടര്‍മാരെ അവര്‍ വിലയിരുത്തും. തങ്ങള്‍ക്കൊപ്പമുള്ളവ, എതിരാളികള്‍ക്കൊപ്പമുള്ളവ. പോളിംഗിന് മുമ്പ് ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ പല തന്ത്രങ്ങളും ആവിഷ്‌കരിക്കും. “ആടി നില്‍ക്കുന്ന വോട്ടുകള്‍” തങ്ങളുടെ ഭാഗത്തേക്ക് മാറ്റാന്‍ വേണ്ട “സമ്മര്‍ദ”ങ്ങള്‍ പ്രയോഗിക്കും. പോളിംഗ് ദിവസം തങ്ങളുടെ “ഉറച്ച” വോട്ടുകള്‍ രാവിലെ തന്നെ വന്നു ചെയ്തുവെന്ന് ഉറപ്പാക്കും. എതിരാളിള്‍ വരാതിരിക്കാന്‍ വേണ്ട “പ്രയോഗങ്ങള്‍” നടത്തുന്നവരുമുണ്ട്. ഇടതുപക്ഷക്കാര്‍ ഏത് നിലക്കും സ്വന്തം വോട്ടുകള്‍ ചെയ്യുമെന്നും വൈകിയെത്തുന്ന വലതുപക്ഷ വോട്ടുകള്‍ ചെയ്യപ്പെടാതിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊതു ധാരണ.
എങ്ങനെയാണ് “നമ്മുടെത്, അവരുടെത്” എന്നിങ്ങനെ വോട്ടുകളെ തരം തിരിക്കുന്നത്? ഇത് പ്രധാനമായും വീടുകളെ (കുടുംബങ്ങളെ) ആധാരമാക്കിയാണ്. ഗ്രാമങ്ങളില്‍ അടുത്ത കാലം വരെ കുടുംബങ്ങള്‍ ഇടതു വലതു തിരിഞ്ഞുതന്നെയാണ് നിലനിന്നിരുന്നത്. പാര്‍ട്ടി കുടുംബം, പാര്‍ട്ടി ഗ്രാമം എന്നൊക്കെ പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പ്രകടമായി ആരും എതിര്‍പക്ഷത്ത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഒരു “കുടുംബത്തിലെ” വോട്ട് മുഴുവന്‍ പാര്‍ട്ടിക്കാണ്. ഒരു പെണ്‍കുട്ടി ഇത്തരമൊരു കുടുംബത്തിലേക്ക് വിവാഹിതയായി എത്തിയാല്‍ അവളുടെ “രാഷ്ട്രീയം” കണ്ടുപിടിക്കല്‍ തന്നെ ഒരു പണിയാകും. അവളുടെ മാതാപിതാക്കള്‍ ഏത് കക്ഷിയാണ് എന്നാണ് ആദ്യം പരിശോധിക്കുക. “നമ്മുടെ ആള്‍ക്കാര്‍” തന്നെയെന്ന് ഉറപ്പാക്കിയാല്‍ പ്രശ്‌നം തീര്‍ന്നു. അല്ലെങ്കില്‍ അവള്‍ “നിരീക്ഷണ”ത്തിലായിരിക്കും. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബങ്ങളില്‍ ഒരു സാധാരണ പതിവാണ്. അപൂര്‍വം ചില കുടുംബങ്ങളില്‍ “സന്ദേശം” സിനിമയുടെ മാതൃകയില്‍ ജ്യേഷ്ഠാനുജന്മാര്‍ ഏതിര്‍ കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടായേക്കാം. എന്നാല്‍ ഇത് അപൂര്‍വം മാത്രം.
കയ്യൂര്‍ പാര്‍ട്ടി ഗ്രാമത്തെക്കുറിച്ച് കയ്യൂര്‍ സമര സേനാനിയും പ്രായം തികയാത്തതിനാല്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയുമായ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞൊരു അനുഭവം ഓര്‍ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് കക്ഷി പിളരുകയും 1969ല്‍ സപ്തകക്ഷി മുന്നണി വിട്ട് സി പി ഐ കോണ്‍ഗ്രസിനൊപ്പം ചേരുകയും ചെയ്ത കാലം. കയ്യൂര്‍ ഗ്രാമത്തിലെ ഏക പാര്‍ട്ടിയിതരന്‍ (സി പി എം അല്ലാ വ്യക്തി) ചൂരിക്കാടന്‍ കൃഷ്ണ്‍ നായരെന്ന സി പി ഐക്കാരന്‍. താന്‍ കയ്യൂര്‍ സമരസേനാനിയാത് കൊണ്ട് മാത്രമാണ് സി പി എം കാര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ടി പി ചന്ദ്രശേഖരന്‍ വധവുയമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വലിയൊരു വിഷയം, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചന്ദ്രശേഖരനെ കുലം കുത്തി എന്ന് വിളിച്ചു വെന്നതായിരുന്നു. കണ്ണൂര്‍ ശൈലി വെച്ച് അതിലൊരു തെറ്റുമില്ല. കാരണം, അവര്‍ക്ക് പാര്‍ട്ടി കുലം തന്നെയാണ്. അത് ജന്മനാ ഉണ്ടാകുന്നതാണ്. പാര്‍ട്ടി ഗ്രാമത്തില്‍ കുടുംബത്തില്‍ ജനിക്കുന്നവരെല്ലാം പാര്‍ട്ടിക്കാരാണ്. അഥവാ ആകണം. പാര്‍ട്ടിയുടെ അടിത്തറ പ്രത്യയശാസ്ത്രമോ തത്വശാസ്ത്രമോ ഒന്നുമല്ല. അതൊരു “സംഘടന”യാണ്. അതിലെ അംഗത്വം ജന്മസിദ്ധവും കൂടിയാകുമ്പോള്‍ അത് കുലം തന്നെ. കുലത്തിലെ അംഗങ്ങള്‍ തമ്മില്‍ എഴുതപ്പെടാത്ത ഒരു പരസ്പര ബന്ധമുണ്ട്. നേതാവ് പറയുന്നത് മാത്രമാണ് ശരി. നേതാവിനെ എതിര്‍ക്കുന്നത് കുലവിരുദ്ധമാണ്. അയാള്‍ കുലം കുത്തി തന്നെ. കുലംകുത്തി നിലനില്‍ക്കാന്‍ പാടില്ല… ഇങ്ങനെ പോകുന്നു വാദങ്ങള്‍.
എന്നാല്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ഇന്ന് കാര്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. കുടുംബത്തിന്റെ ഘടനയില്‍ വന്ന മാറ്റം ഇതിന് പ്രധാന കാരണമാണ്. കൂട്ടുകുടുംബവും തറവാട് വ്യവസ്ഥയും മാറിയിരിക്കുന്നു. കുടുംബത്തലവന്റെ രാഷ്ട്രീയം എല്ലാ കുടുംബാംഗങ്ങള്‍ക്കും ഉണ്ടാകുമെന്ന ധാരണ ഇന്ന് പരമാബദ്ധമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴില്‍, സ്വാശ്രയ ബോധം മുതലായവ തന്നെ ഏറെ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. 2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മലപ്പുറം ജില്ല “ചുവന്നത്” വീട്ടിനകത്തിരിക്കുന്ന സ്ത്രീകളില്‍ നല്ലൊരു പങ്കും മാറി വോട്ട് ചെയ്തതുകൊണ്ടാണ്.
പലര്‍ക്കും സ്വന്തം നാട് ഉപേക്ഷിച്ച് അന്യദേശങ്ങളിലേക്ക് തൊഴിലിനും മറ്റുമായി പോകേണ്ടിവരുന്നതോടെ പലരുടെയും “രാഷ്ട്രീയ വേരുകള്‍” പിഴുതെടുക്കപ്പെടുന്നു. പുതിയ സ്ഥലത്തെ കാലാവസ്ഥയനുസരിച്ച് അവര്‍ പുതിയ നിലപാട് സ്വീകരിച്ചേക്കാം. വിദ്യാഭ്യാസവും തൊഴിലും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. “നാട്ടിലെ അറിവും അനുഭവങ്ങളും” മറന്നു പോകുന്നു. പുതിയ തൊഴിലിന്റെ സംരക്ഷണത്തിനായി (യൂനിയന്‍ ബന്ധം മുതലായവ)രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുന്നുണ്ട്. വിവാഹം, സൗഹൃദങ്ങള്‍ തുടങ്ങിയവയും നിലപാടില്‍ മാറ്റം വരുത്താം. നഗരവത്കൃതമാകുന്നു കേരളം എന്നതിനാല്‍ തൊട്ട അയല്‍ക്കാര്‍ക്ക് പോലും പേരോ തൊഴിലോ പോലും അറിയാത്ത നിലക്ക്, ഇവരുടെ രാഷ്ട്രീയ നിലപാട് ആര്‍ക്കറിയും? തന്നെയുമല്ല, വ്യാപാരാവശ്യത്തിനും മറ്റും വേണ്ടി പലരും “തന്ത്രപരമായി” ചില സൂചനകള്‍ നല്‍കും. തൊഴിലാളി യൂനിയന്‍ നേതാവിനെ പ്രീണിപ്പിക്കാന്‍ അഞ്ചോ പത്തോ പാര്‍ട്ടി പത്രത്തിന് വരിസംഖ്യ നല്‍കുന്നവര്‍ “പാര്‍ട്ടി വോട്ട്” ആകില്ല.
കുടുംബത്തിനകത്ത് തന്നെ മനുഷ്യ ബന്ധങ്ങള്‍ മാറുന്നുവെന്നും കാണാം. സ്ത്രീകളെ പോലെ യുവാക്കളും “കുടുംബ പാരമ്പര്യ”ത്തില്‍ നിന്ന് തീര്‍ത്തും മുക്തമായിട്ടാണ് ജീവിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈലും മറ്റും വഴി അവര്‍ മറ്റൊരു ലോകത്താണ് ജീവിക്കുന്നത് എന്ന് പറയാം. എത്ര വീടുകള്‍ക്കകത്ത് തിരഞ്ഞെടുപ്പ് കാലത്തെങ്കിലും പരസ്പരം രാഷ്ട്രീയം സംസാരിക്കാറുണ്ട്? എത്ര മാതാപിതാക്കള്‍ക്കറിയാം എന്താണ് മക്കളുടെ “രാഷ്ട്രീയം” എന്ന്? വളരെ ഗൗരവത്തില്‍ രാഷ്ട്രീയത്തിലിടപെടുന്നവര്‍ പോലും സ്വന്തം വീട്ടില്‍ വന്നാല്‍ ഒന്നും പറയില്ല. സ്വന്തം നിലപാടിലെ കാപട്യം നന്നായറിയാവുന്ന വീട്ടുകാരോട് “ഗീര്‍വാണം” പറയുന്നതിലര്‍ഥമില്ല. പിന്നെ ആകെ പറയാവുന്നത്, “ഇയാള്‍ ജയിച്ചാല്‍ നമുക്ക് ഗുണമുണ്ട്” എന്ന് മാത്രം.
മേല്‍പ്പറഞ്ഞതെല്ലാം പരിഗണിച്ചാല്‍ ഇന്ന് താഴെ തട്ടില്‍ ഇടതുപക്ഷക്കാര്‍ തയ്യാറാക്കുന്ന കണക്കുകള്‍ പോലും എത്രത്തോളം വിശ്വസനീയമാണ്? ഇതിനെല്ലാം പുറമെ “വീട്കയറിയിറങ്ങി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന” പഴയ ശൈലി പ്രവര്‍ത്തകര്‍ തന്നെ ഉപേക്ഷിച്ചിട്ട് എത്ര നാളായി? ഇതിനെല്ലാം പുറമെയാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വന്നിട്ടുള്ള “ആപ്” എന്ന “ആപ്പ്”. ഒപ്പം നോട്ടയും. ഒരു കാര്യം എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിക്കുന്നു. ഇത്തവണ അല്‍പ്പമെങ്കിലും വോട്ടിംഗ് ശതമാനം ഉയര്‍ന്നത് യുവതീയുവാക്കള്‍ (പുതിയ വോട്ടര്‍മാര്‍) വാശിയോടെ വോട്ട് ചെയ്തതിനാലാണ് എന്നതാണത്. കാടിളക്കി പ്രചാരണം നടത്തി “വാശിയേറിയ” തിരഞ്ഞെടുപ്പെന്ന് മാധ്യമങ്ങള്‍ പറഞ്ഞിട്ടും സംസ്ഥാനത്തെ “മുന്നണി” രാഷ്ട്രീയക്കാര്‍ക്കെല്ലാം കൂടി കിട്ടുന്ന വോട്ടിന്റെ ശതമാനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ല. കുറയാനാണ് സാധ്യത. കസ്തൂരിരംഗനും ഗാഡ്ഗിലും ജനങ്ങളെ വന്‍ ദ്രോഹത്തിലേക്ക് നയിക്കുമെന്ന് പലരും പറഞ്ഞിട്ടും അതിന്റെ ബാധിത പ്രദേശങ്ങളിലെല്ലാം പോളിംഗ് കാര്യമായി കുറഞ്ഞതെന്തുകൊണ്ടെന്ന് പറയാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും സമുദായ നേതാക്കള്‍ക്കും ബാധ്യതയുണ്ട് എന്ന കാര്യം തത്കാലം വിടുന്നു.
ഈ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ഈ പുതിയ വോട്ടുകളെ ബൂത്തിലെത്തിച്ചത് ആം ആദ്മി കക്ഷി തന്നെയാണ്. ഒപ്പം “എല്ലാം മടുത്തു, എല്ലാവരും കണക്കാണ്, അഴിമതിക്കാരാണ്” എന്ന് സര്‍വം വിമര്‍ശിച്ച കുറേ പേരെ (അധികവും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍) ബുത്തിലെത്തിച്ചതും ഇവരാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെയൊന്നുമില്ലെങ്കിലും വലിയൊരു വിഭാഗം ഇവര്‍ക്ക് ഇന്നാട്ടിലും വോട്ട് ചെയ്തിട്ടുണ്ട്. ഇതെത്രയെന്ന് ഒരു പാര്‍ട്ടിക്കാര്‍ക്കും പിടിയില്ല. (പരസ്യമായി ഇറങ്ങി നടന്നവരും പറഞ്ഞവരും ഒഴിച്ച്) ഇതില്‍ പല വോട്ടുകളും കക്ഷികള്‍ തങ്ങളുടെ കണക്കിലാകും പെടുത്തിയിരിക്കുക. അങ്ങനെയാകുമ്പോള്‍ കണക്കുകള്‍ പലതും തെറ്റാം. “ആപ്” ജയിച്ചില്ലെങ്കിലും പലര്‍ക്കും അത് ശരിക്കും “ആപ്പ്” ആയേക്കും.
വാല്‍ക്കഷണം: നേരില്‍ കണ്ടപ്പോള്‍ ഉന്നതനായ ഒരു നേതാവ് പറഞ്ഞു. “ഞാനെത്ര പറഞ്ഞിട്ടും കാര്യമുണ്ടായില്ല. എന്റെ രണ്ട് മക്കളും ആപ്പില്‍ ഓണ്‍ലൈന്‍ അംഗത്വം നേടി. ഞാന്‍ ഭാര്യയോട് പരാതി പറഞ്ഞപ്പോള്‍ അവര്‍ “ചൂലെടുത്തു”കൊണ്ടാണ് പ്രതികരിച്ചത് എന്ന്.

 

---- facebook comment plugin here -----

Latest