Connect with us

Kasargod

വേനല്‍ച്ചൂടില്‍ വൈദ്യുതിയും കിട്ടാക്കനിയായി; നഗരവാസികള്‍ക്ക് ഇരട്ടിപ്രഹരമായി

Published

|

Last Updated

കാസര്‍കോട്: വൈദ്യുതി വകുപ്പധികൃതര്‍ കെ വി സബ് സ്‌റ്റേഷന്‍ ജോലിയുടെ പേരില്‍ മണിക്കൂറിടവിട്ട് ഒരു മണിക്കൂര്‍ വീതം ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തിയത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ നഗരം അസഹ്യമായ ചൂടുമൂലവും കുടിവെള്ളമില്ലാത്തതിനാലും വീര്‍പ്പുമുട്ടുകയാണ്.
അറ്റകുറ്റ പണിയുടെ പേരില്‍ കൊടുംചൂടു കാലത്ത് ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് വൈദ്യുതി വകുപ്പധികൃതര്‍ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിദ്യാനഗറിലുള്ള കാസര്‍കോട് 110 കെ വി സബ് സ്‌റ്റേഷന്‍ പണിനടക്കുന്നതിന്റെ പേരു പറഞ്ഞാണ് രണ്ടു ദിവസമായി നഗരത്തിലും പരിസരങ്ങളിലും ഇടവിട്ട് ലോഡ് ഷെഡ്ഡിങ്ങ് പ്രഖ്യാപിച്ചത്. കൊടുംവേനലില്‍ ജനങ്ങള്‍ ദുരിതം പേറുന്ന സമയത്ത് ലോഡ് ഷെഡ്ഡിങ്ങ് പ്രഖ്യാപിച്ചത് ഇരട്ടിപ്രഹരമാണുണ്ടാക്കിയിരിക്കുന്നത്. നിരന്തരമായ വൈദ്യുതി മുടക്കം പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിക്കാന്‍ കാരണമായിട്ടുണ്ട്.
ഇതിനു പുറമെയാണ് കടുത്ത കുടിവെള്ള ക്ഷാമവും കിട്ടുന്ന വെള്ളത്തില്‍ ഉപ്പുകലര്‍ന്നതും മറ്റൊരു ഇരുട്ടടിയായത്.
ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ ജനറേറ്റര്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് നിര്‍ദേശിക്കപ്പെട്ട രോഗികളുടെ ബന്ധുക്കള്‍ ആശങ്കയിലായി. ജനറേറ്ററും വൈദ്യുതിയുമില്ലാത്തതിനാല്‍ ലിഫ്റ്റ് പ്രവര്‍ത്തനവും തടസ്സപ്പെട്ടു. അത്യാഹിതം സംഭവിച്ച രോഗികളെ ചുമന്ന് വേണം മുകളിലെത്തിക്കാന്‍. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. വൈദ്യുതി തടസ്സം കാരണം നഗരത്തിലെ ചില എ ടി എം കൗണ്ടറുകളുടെ പ്രവര്‍ത്തനവും നിലച്ചു. ഈമാസം 30 വരെയാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.
വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ കടുത്ത ചൂടുമൂലം നഗരവും നഗരവാസികളും ദുരിതത്തിലാവുന്നത് ഇത് ആദ്യമായാണ്. ഇത്ര ധൃതിപ്പെട്ട് സബ്‌സ്റ്റേഷന്റെ അറ്റകുറ്റ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു പകരം ഒന്നോ, രണ്ടോ വേനല്‍ മഴ ലഭിച്ചതിനുശേഷം മതിയായിരുന്നു. എന്നാല്‍, ഇത്രയധികം അസഹ്യമായ ചൂട് അനുഭവിക്കേണ്ടിവരില്ലെന്നാണ് നഗര വാസികളും വ്യാപാരികളും പറയുന്നത്.