Connect with us

Wayanad

കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് വിവര വിനിമയവുമായി ആക്‌സസ്

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് കാര്‍ഷിക സാങ്കേതിക സാക്ഷരതക്കായി സൈബര്‍ അധിഷ്ഠിത വിവരവിനിമയ സംവിധാനം നടപ്പാക്കുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും (കെ വി കെ) കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് വനിതാ കര്‍ഷകര്‍ക്ക് “നൂതന വിവരങ്ങള്‍ വിരല്‍ തുമ്പില്‍” പദ്ധതിയായ ആക്‌സസ് നടപ്പാക്കുന്നത്.
ആക്‌സലറേറ്റിംഗ് സസ്റ്റൈനബിലിറ്റി ത്രു സിനര്‍ജി പദ്ധതി മുഖേന അനുദിനം കാര്‍ഷിക വേലകളില്‍ രൂപപ്പെടുന്ന, കണ്ടെത്തുന്ന നൂതനാശയങ്ങള്‍, സാങ്കേതിക വിദ്യകള്‍ കൃഷിയിലേര്‍പ്പെടുന്ന വനിതാ കര്‍ഷകരുടെ വിരല്‍ തുമ്പിലെത്തിക്കുകയാണ് സൈബര്‍ എക്‌സറ്റന്‍ഷന്‍ പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് കോഴിക്കോട്, വയനാട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള ഒന്നാംഘട്ട പരിശീലനം മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കി.
115 കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ നടക്കുന്ന സംഘകൃഷിക്കാര്‍ക്കാണ് ആക്‌സസ് പദ്ധതിയുടെ ഗുണം ലഭിക്കുക. കാലാവസ്ഥാ വ്യതിയാനം, കുടുംബശ്രീ വനിതാ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വിളകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, നല്ലയിനം വിത്ത് തെരഞ്ഞെടുക്കല്‍, കീടനാശിനി പ്രയോഗം, വള പ്രയോഗം, ജലസേചനം, പരിചരണം, യന്ത്രോപകരണങ്ങളുടെ ഉപയോഗം, ഭൂമി വിളയിറക്കാനായി സജ്ജമാക്കല്‍ തുടങ്ങിയവയില്‍ പ്രത്യേകം പരിശീലനം ഇതിന്റെ ഭാഗമായി നല്‍കും. കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കല്‍, സംശയ നിവാരണം, കാര്‍ഷിക രംഗത്ത് കണ്ടെത്തുന്ന നൂതനാശയങ്ങള്‍ ജനകീയ വത്കരിക്കാനും, കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനും ആക്‌സസിലൂടെ സാധിക്കും.
ഇരു ജില്ലകളയലെയും സംഘകൃഷിക്കാര്‍ക്കും മറ്റു വനിതാ കര്‍ഷകര്‍ക്കും കുടുംബശ്രീ മാസ്റ്റര്‍ കര്‍ഷകര്‍ മുഖേനയാണ് വിവരങ്ങള്‍ എത്തിക്കുക. വനിതാ കര്‍ഷകര്‍ക്ക് നേരിട്ടും ഇമെയില്‍ മുഖേനയും വിവരങ്ങള്‍ എത്തിക്കും. കുടുംബശ്രീ സി.ഡി.എസ്, എം.കെ.എസ്.പി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, മാസ്റ്റര്‍ കര്‍ഷകര്‍, സംഘകൃഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക മെയില്‍ ഗ്രൂപ്പുണ്ടാക്കി വിവരങ്ങള്‍ ലഭ്യമാക്കും. കെ.വി.കെ കേന്ദ്രീകരിച്ചാണ് വിവരങ്ങള്‍ യഥാസമയം വനിതാ കര്‍ഷകര്‍ക്ക് എത്തിക്കുക.
ആക്‌സസ് പദ്ധതിയുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ..ബി വത്സല കുമാരി ഐ.എ.എസ് നിര്‍വ്വഹിച്ചു. കെ.വി.കെ മേധാവി ഡോ. എ രാധമ്മ പിള്ള അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.കെ അബ്ദുള്‍ ജബ്ബാര്‍ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റമാരായ കെ.കെ. മുംതാസ് കാസിം, കെ. അബദുള്‍ സലാം, കണ്‍സള്‍ട്ടന്റുമാരായ പി.കെ. സുഹൈല്‍, അബദുള്‍ നിസാര്‍ കെ.എം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതവും അരുണ്‍ നന്ദിയും പറഞ്ഞു.

Latest