Connect with us

Kasargod

കാസര്‍കോട് ശുദ്ധജലവിതരണ പദ്ധതിയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുത്

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ സ്രോതസ്സായ പയസ്സ്വിനി പുഴയില്‍ വേലിയേറ്റസമയത്ത് കടല്‍ വെള്ളം കയറുന്നതിനാല്‍ കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം അധികമാണെന്ന് കണ്ടെത്തി. ഈ പദ്ധതിയില്‍ കൂടി വിതരണം ചെയ്യുന്ന വെള്ളം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടിവെള്ള ആവശ്യത്തിന് മാത്രമായി ജലം ലഭ്യമാകുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വര്‍ഷം വേനല്‍മഴ ലഭ്യമല്ലാതിരുന്നതിനാലും കഠിനമായ ചൂട് അനുഭവപ്പെടുന്നതിനാലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലേയും സമീപ പഞ്ചായത്തുകളിലും കുടിവെളള വിതരണം ചെയ്യുന്ന കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ സ്രോതസ്സായ പയസ്വിനി പുഴയിലെ നീരൊഴുക്ക് നിലച്ചു. ഇതിനാല്‍ വേലിയേറ്റ സമയത്ത് കടല്‍വെള്ളം ശുദ്ധജല പദ്ധതിക്ക് വേണ്ടി വെള്ളം പമ്പ് ചെയ്യുന്ന പ്രദേശത്തേക്ക് കൂടി എത്തിയിട്ടുണ്ട്.
ഉപ്പ് വെള്ളം തടയുന്നതിന് താത്ക്കാലിക തടയണ നിര്‍മിച്ചിട്ടുണ്ടെങ്കിലും നീരൊഴുക്ക് നിലച്ചതിനാല്‍ തടയണയ്ക്ക് അടിവശത്ത് കൂടി വെള്ളം സ്രോതസ്സില്‍ കയറിയിരിക്കുകയാണ്. ഇതാണ് വെള്ളത്തില്‍ ഉപ്പിന്റെ അംശം വര്‍ധിക്കാന്‍ കാരണമായത്.

 

Latest