മൂന്നു മാസത്തിനിടെ അബുദാബിയില്‍ 4,637 സാമ്പത്തിക കുറ്റകൃത്യങ്ങള്‍

Posted on: April 25, 2014 8:06 pm | Last updated: April 25, 2014 at 8:06 pm

crimeഅബുദാബി: വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അബുദാബിയില്‍ 4,637 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നതായി കോടതിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രോസിക്യൂഷന്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍വളര്‍ച്ചയാണ് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സംഭവിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു.

സാമ്പത്തിക കുറ്റ കൃത്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചെക്ക് മടങ്ങിയ കേസുകളാണ്. എക്കൗണ്ടില്‍ മതിയായ പണമില്ലാത്തതോ എക്കൗണ്ട് റദ്ദാക്കിയതോ ആണ് ചെക്കുകള്‍ മടങ്ങാനിടയാക്കിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഊഹക്കച്ചവടങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീരെ നിലവിലില്ലാത്ത പ്രോപര്‍ട്ടികള്‍ ഊഹത്തിന്റെ പേരില്‍ വില്‍പന നടത്തുക, തനിക്കൊരിക്കലും വില്‍പനാധികാരം ഇല്ലാത്ത വസ്തുക്കള്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് വില്‍പന നടത്തുക, ഒരിക്കല്‍ നിയമപരമായി വില്‍പന നടത്തിയ അതേ വസ്തു മറ്റൊരാള്‍ക്കുകൂടി വില്‍പന നടത്തുക തുടങ്ങിയവയാണ് റിയല്‍ എസ്റ്റേറ്റിന്റെ പേരില്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രധാനപ്പെട്ടത്.
പ്രോപര്‍ട്ടികള്‍ നിയമപരമായി വാങ്ങിയ ശേഷം കരാറില്‍ പറഞ്ഞ രീതിയില്‍ കൃത്യമായി ഉടമസ്ഥനു പണം നല്‍കാത്ത കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൂടിവരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാന്‍ അബുദാബി കോടതിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രോസിക്യൂഷന്‍ തലവന്‍ ഹസന്‍ അല്‍ ഹമാദി ചില നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കുക, പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, സാമ്പത്തിക കേസുകളുമായി ബന്ധപ്പെട്ട കോടതി വിധികള്‍ താമസമില്ലാതെ നടപ്പാക്കുക, ചെക്കുമടങ്ങുന്ന കേസുകളിലെ പ്രതികളെ തടവില്‍ വെക്കുക, സാമ്പത്തിക വഞ്ചനയും ഊഹകച്ചവടവും നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനു പുറമെ മറ്റുള്ളവരില്‍ നിന്ന് തട്ടിയെടുത്ത പണം തിരിച്ചു വാങ്ങാന്‍ നടപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി പണവുമായോ വസ്തുക്കളുമായോ രാജ്യം വിടുന്നവരെ തിരികെ രാജ്യത്തെത്തിക്കാന്‍ ആവശ്യമായ രീതിയില്‍ മറ്റു രാജ്യങ്ങളുമായി പരമാവധി സഹകരണം നടപ്പില്‍ വരുത്തുന്നത് അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികളെ നിയമത്തിനുമുന്നില്‍ എത്തിക്കാന്‍ സഹായകമാകുമെന്നും അല്‍ ഹമാദി പറയുന്നു.