Connect with us

National

പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബാംഗം

Published

|

Last Updated

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് സമ്മതിക്കുന്നതായി തിരുവിതാംകൂര്‍ രാജകുടുംബാംഗം. ക്ഷേത്രം സ്വകാര്യ സ്വത്തെന്ന് നേരത്തെ കരുതിയത് തെറ്റാണെന്നും രാജകുടുംബാംഗമായ മൂലം തിരുനാള്‍ രാമവര്‍മ്മയുടെ സത്യവാങ്മൂലം പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. രാജകുടുംബത്തെ ഒഴിവാക്കി പുതിയ ഭരണസമിതി കൊണ്ടുവരുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളിലാണ് ഉത്തരവിറക്കുക. അതേസമയം ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് വീഴ്ച്ച പറ്റിയെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ലക്ഷ്മിഭായിക്കൊപ്പം ഗോപാല്‍ സുബ്രഹ്മണ്യം രണ്ട് മണിക്കൂര്‍ പൂജ നടത്തുകയും തേവാരപ്പുരയില്‍ ഗ്രന്ഥങ്ങള്‍ ഉറക്കെ വായിക്കുകയും ചെയ്തു. ഇത് അനുവദനീയമല്ലെന്ന് അറിയിച്ചിട്ടും കണക്കിലെടുത്തില്ലെന്നും ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഭുവനചന്ദ്രാന്‍ നായരുടെ സത്യവാങ്മൂലം പറയുന്നു.

ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദശത്തോട് കോടതി ഇന്നലെ യോജിപ്പ് അറിയിച്ചിരുന്നു. രാജകുടുംബത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ടശേഷം ജസ്റ്റീസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഉത്തരവ് ഇറക്കുക. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, ക്ഷേത്രത്തിനുള്ള ആദായ നികുതി ഇളവ് പിന്‍വലിക്കുക, ക്ഷേത്രത്തിന് ലഭിക്കുന്ന കാണിക്കകള്‍ ഓഡിറ്റ് ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സുതാര്യ സംവിധാനം കൊണ്ടുവരുക, നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ കൊണ്ടുവരുക, വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നീ നിര്‍ദേശങ്ങളും അമിക്കസ് ക്യൂറി കോടതിക്കു മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.