Connect with us

International

ഉക്രൈന്‍: താത്പര്യങ്ങള്‍ക്ക് മുറിവേറ്റാല്‍ തിരിച്ചടിക്കും- റഷ്യ

Published

|

Last Updated

മോസ്‌കോ: ഉക്രൈനിലെ തങ്ങളുടെ താത്പര്യങ്ങളെ കടന്നാക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് റഷ്യ. 2008ലെ ജോര്‍ജിയന്‍ യുദ്ധത്തിന് സമാനമായിരിക്കും ഇതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഉക്രൈനില്‍ അമേരിക്ക “ഷോ” നടത്തുകയാണെന്നും ദേശീയ ടി വി ചാനലായ ആര്‍ ടിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഉക്രൈനിലെ കിഴക്കന്‍ മേഖലകളില്‍ നിന്ന് സൈനിക യൂനിറ്റുകളെ തിരിച്ചുവിളിക്കണം. യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ സന്ദര്‍ശനത്തോടെ ഉക്രൈന്‍ “തീവ്രവാദവിരുദ്ധ” നടപടി പുനരാരംഭിച്ചിരിക്കുകയാണ്. നിയമപരമായ താത്പര്യങ്ങള്‍ അഥവാ റഷ്യക്കാരുടെ താത്പര്യങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ മുറിവേറ്റാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് പൂര്‍ണമായും വിധേയമായി തിരിച്ചടിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ലാവ്‌റോവ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍, ഉക്രൈന്‍ സന്ദര്‍ശിച്ച് സര്‍വവിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസാരം അവസാനിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് റഷ്യ ഇനിമുതല്‍ സമയം വിനിയോഗിക്കേണ്ടതെന്ന് ബിഡന്‍ പറഞ്ഞിരുന്നു. പൊതുമാപ്പ് സ്വീകരിക്കാനും തങ്ങളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കുക എന്ന സമീപനം സ്വീകരിക്കാനും കിഴക്കന്‍ മേഖലയിലെ റഷ്യന്‍ അനുകൂലികളോട് മോസ്‌കോ ആഹ്വാനം ചെയ്യണം. സര്‍ക്കാര്‍ ഓഫീസുകളും ചെക്ക്‌പോയിന്റുകളും വിട്ടുകൊടുക്കാനും അവരോട് റഷ്യ നിര്‍ദേശിക്കണം. അപമാനകരമായ ഭീഷണിയടക്കം ഗുരുതര പ്രശ്‌നങ്ങളാണ് ഉക്രൈന്‍ നേരിടുന്നത്. അടുത്ത മാസം 25ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഉക്രൈനിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമാണ്. ബിഡന്‍ പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ പരിഷ്‌കരണം നടത്താന്‍ അഞ്ച് കോടി ഡോളറിന്റെ സാമ്പത്തിക സഹായവും യു എസ് പ്രഖ്യാപിച്ചിരുന്നു.
ഉക്രൈനിലെ കിഴക്കന്‍ നഗരങ്ങളായ ഡോനേറ്റ്‌സ്‌കും ലുഹാന്‍സ്‌കും റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളും കെട്ടിടങ്ങളും റഷ്യന്‍ അനുകൂലികള്‍ പിടിച്ചെടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞു. ക്രിമിയയില്‍ നടന്നതു പോലെ റഷ്യന്‍ അനുകൂലികളുടെ ഉദ്യോഗസ്ഥരാണ് ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് വരുന്നത്.