നയാപൈസയില്ലാതെ 14 സ്ഥാനാര്‍ഥികള്‍

    Posted on: April 24, 2014 12:10 am | Last updated: April 24, 2014 at 12:10 am

    sssssssകോയമ്പത്തൂര്‍: ശതകോടീശ്വരന്മാര്‍ ജനവിധിതേടുന്ന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഓട്ടക്കീശയുമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത് 14 സ്ഥാനാര്‍ഥികള്‍. സ്വന്തമായി നയാപൈസയുടെ സ്വത്തില്ലാത്ത ഇവരില്‍ 12 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. മറ്റു രണ്ട് പേരില്‍ വി എഴുമല അഖില ഭാരത ഹിന്ദു മഹാസഭാ സ്ഥാനാര്‍ഥിയായി ചിദംബരത്തും പി പൊന്നുസാമി സി പി എം എല്‍ റെഡ് സ്റ്റാര്‍ എന്ന പാര്‍ട്ടിക്കുവേണ്ടി നീലഗിരിയിലുമാണ് ജനവിധി തേടുന്നത്.
    അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ഇലക്ഷന്‍ വാച്ചും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. എസ് രാജേശ്വരി (ചെന്നൈ സൗത്ത്), പി പി ബാലന്‍ (നിലഗിരി), എ പര്‍ഗുണന്‍ (കാഞ്ചീപുരം) തുടങ്ങിയവരാണ് ആറടി മണ്ണുപോലും സ്വന്തമായില്ലാത്ത സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളില്‍ സ്വത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലുള്ളവര്‍ തന്നെയാണ് കടബാധ്യതയിലും ഒന്നാമത്. ധനികരായ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിലെ എച്ച് വസന്തകുമാറാണ് കടബാധ്യതയുടെ കാര്യത്തിലും ഒന്നാമത്.
    285 കോടി ആസ്തിയുള്ള വസന്തകുമാറിന്റെ കടബാധ്യത 87 കോടിയാണ്. രണ്ടാം സ്ഥാനത്ത് 34 കോടി കടമുള്ള വെല്ലൂരിലെ ബി ജെ പി സ്ഥാനാര്‍ഥി എ സി ഷണ്‍മുഖമുണ്ട്. 106 കോടിയാണ് ഷണ്‍മുഖത്തിന്റെ ആസ്തി. അഞ്ച് കോടി രൂപയിലേറെ കടബാധ്യതയുള്ള 14 സ്ഥാനാര്‍ഥികളാണു രംഗത്തുള്ളത്. ഒരു കോടിയിലേറെ വാര്‍ഷിക വരുമാനമുള്ള ഒമ്പത് സ്ഥാനാര്‍ഥികളും ഇത്തവണ ജനവിധി തേടുന്നുണ്ട്.