Connect with us

Eranakulam

അഭിഭാഷകനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി

Published

|

Last Updated

കൊച്ചി: ബാര്‍ ലൈസന്‍സ് കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ വീട്ടില്‍ പോയതിന് അഡ്വ. കെ തവമണിയോടു വിശദീകരണം തേടി. കേരള ബാര്‍ കൗണ്‍സിലിന്റേതാണ് നടപടി. നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാനാവശ്യപ്പെട്ട് തവമണിക്ക് നോട്ടീസ് നല്‍കിയതായി കൗണ്‍സില്‍ ഭാരാവാഹികള്‍ അറിയിച്ചു.
ബാര്‍ലൈസന്‍സുമായി ബന്ധപ്പെട്ട 54 ഹരജികളില്‍ വിധി പറയാനിരിക്കെ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് സി ടി രവികുമാറിന്റെ വീട്ടിലെത്തി അഡ്വ. കെ തവമണി ഈ വിഷയം സംസാരിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം അറിയിച്ച് ബാര്‍ ലൈസന്‍സ് കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറുകയായിരുന്നു.
അഭിഭാഷകന്റെ നടപടി പ്രഫഷനല്‍ ധാര്‍മികതക്ക് വിരുദ്ധമാണെന്ന് പ്രഥമദ്യഷ്ട്യാ ബോധ്യപ്പെട്ടിരിക്കുകയാണെന്നും നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 14 ദിവസത്തിനകം ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നുമാണ് ബാര്‍ കൗണ്‍സില്‍ സെക്രട്ടറി കെ അജയന്‍ തവമണിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകര്‍ ജഡ്ജിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പരിഗണനയിലുള്ള ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചുവെന്നതാണ് തവണമിക്കെതിരായ കുറ്റം.
എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമാണ് താന്‍ നടത്തിയതെന്നാണ് തവമണിയുടെ നിലപാട്. മുമ്പ് അബ്കാരികള്‍ക്ക് വേണ്ടി മറ്റ് ചില കേസുകളില്‍ കോടതികളില്‍ ഹാജരായിരുന്ന താന്‍ അന്നത്തെ കാര്യം പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ജഡ്ജി സംഭാഷണം തുടരുന്നതില്‍ നിന്ന് വിലക്കിയെന്നും താന്‍ അവി ടെ നിന്ന് ഉടനെ മടങ്ങിയെന്നമാണ് തവമണി പറയുന്നത്. ബാര്‍ലൈസന്‍സുമായി ബന്ധപ്പെട്ട ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും അടുത്ത കാലത്തൊന്നും താന്‍ അബ്കാരി കേസുകളൊന്നും ഏറ്റെടുത്തിട്ടില്ല. പണ്ട് ഒരുമിച്ച് പ്രാക്ടീസ് ചെയ്തിരുന്ന കാലത്തെ സൗഹൃദം പുതുക്കാന്‍ ചെന്ന തന്നെ ജഡ്ജി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് തവമണി വിശദീകരിക്കുന്നത്.
എന്നാല്‍, കേസിന്റെ കാര്യം പറഞ്ഞുവെന്ന് ജഡ്ജി തന്നെ ഉത്തരവിലൂടെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സ്വമേധയാ നടപടിക്ക് ബാര്‍ കൗണ്‍സില്‍ മുന്‍കൈയെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ 731 ബാറുകളില്‍ നിലവാരമില്ലാത്ത 418 എണ്ണത്തിന് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന ഏപ്രില്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയില്‍ ഹരജികള്‍ വന്നിരിക്കുന്നത്. ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ലൈസന്‍സ് പുതുക്കുന്നതെന്നു പറയാതെ, പ്രവര്‍ത്തന യോഗ്യതയുണ്ടെന്നു പറഞ്ഞ് 313 ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് പുതുക്കി നല്‍കുന്നത് വിവേചനപരമാണെന്നാണ് ഹരജികളിലെ വാദം.