Connect with us

Kozhikode

ആയിരത്തോളം സ്‌കൂളുകളില്‍ കായിക അധ്യാപകരില്ല: സ്‌പോര്‍ട്‌സ് കൗണ്‍സില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് ആയിരത്തോളം സ്‌കൂളുകളില്‍ കായിക അധ്യാപകരില്ലെന്നു കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയപ്രകാരം എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളിലും ഒരു കായിക അധ്യാപകനെ നിയിമിക്കണം. ഒരു അധ്യാപകന് മാസം 15,000 രൂപ തോതില്‍ ശമ്പളവും സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം അനുവദിക്കും. പക്ഷേ ഇതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 2007ല്‍ ഹെല്‍ത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ധ സമിതിയെ രൂപവത്കരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഒരു സിലബസ് തയ്യാറാക്കുകയും അതിന് കരിക്കുലം കമ്മിറ്റി അംകീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കായിക അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനമെടുത്തെങ്കിലും ഹെല്‍ത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഹെല്‍ത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിരവധി തവണ വിദ്യാഭ്യാസ മന്ത്രിയെയും മറ്റും സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest