സൗദിയില്‍ മരണപ്പെടുന്ന തീര്‍ത്ഥാടകരുടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം

Posted on: April 23, 2014 2:48 pm | Last updated: April 23, 2014 at 2:48 pm

ജിദ്ദ: സഊദിയില്‍ വെച്ച് മരണപ്പെടുന്ന ഉംറ തീര്‍ഥാടകരുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്ജ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. മരണപ്പെടുന്ന തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ എത്രയും വേഗം ബന്ധപ്പെട്ട ആശുപത്രികളുടെ അഡ്മിനിസ്‌ട്രേഷന് കൈമാറണം. മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് അയക്കുകയോ സഊദിയില്‍ ഖബറടക്കുകയോ ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഉംറ സര്‍വീസ് കമ്പനികളില്‍ 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങള്‍ അറിയിച്ച് ഉംറ സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹജ്ജ് മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു. മരണപ്പെടുന്ന തീര്‍ഥാടകരുടെ ബന്ധുക്കള്‍ക്കോ അവരുടെ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ക്കോ 24 മണിക്കൂറിനകം മരണ സര്‍ട്ടിഫിക്കറ്റ് കൈമാറണമെന്ന് മക്ക ഗവര്‍ണറേറ്റ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയും പ്രതിബന്ധങ്ങള്‍ പരിഹരിച്ചും 24 മണിക്കൂറിനകം മരണ സര്‍ട്ടിഫിക്കറ്റ് കൈമാറണമെന്നാണ് നിര്‍ദേശം.
മക്ക ഗവര്‍ണറേറ്റിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മരണപ്പെടുന്ന തീര്‍ഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍വീസ് കമ്പനികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടത്. മരണ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ഇഷ്യൂ ചെയ്യുന്നതിന് തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ എത്രയും വേഗം ആശുപത്രി അഡ്മിനിസ്‌ട്രേഷന് കൈമാറണം. തങ്ങള്‍ക്ക് കീഴിലുള്ള തീര്‍ഥാടകരുമായി ബന്ധപ്പെട്ട മരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉംറ സര്‍വീസ് കമ്പനികള്‍ 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കണമെന്നും ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു.
തീര്‍ഥാടകരില്‍ നിന്ന് പാസ്‌പോര്‍ട്ടുകള്‍ പിന്‍വലിക്കുന്ന പക്ഷം പാസ്‌പോര്‍ട്ടുകളുടെ കോപ്പികളും തീര്‍ഥാടകരുടെ പേരുവിവരങ്ങളും താമസസ്ഥലങ്ങളുടെ വിലാസവും സര്‍വീസ് കമ്പനിയുടെ വിവരങ്ങളും അടങ്ങിയ കാര്‍ഡുകളും വളകളും അവര്‍ക്ക് നല്‍കണമെന്ന് ഉംറ സര്‍വീസ് കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത് ലംഘിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പാസ്‌പോര്‍ട്ടുകളോ പാസ്‌പോര്‍ട്ടുകളുടെ കോപ്പികളോ പേരുവിവരങ്ങള്‍ അടങ്ങിയ കാര്‍ഡുകളോ ചില തീര്‍ഥാടകരുടെ കൈവശമില്ലാത്തത് ഹജ്ജ് മന്ത്രാലയത്തിനു കീഴിലെ ഫീല്‍ഡ് കമ്മിറ്റികളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ടുകള്‍ പിന്‍വലിക്കുന്ന പക്ഷം തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് കോപ്പികളും പേരുവിവരങ്ങളും താമസസ്ഥലങ്ങളുടെയും സര്‍വീസ് കമ്പനികളുടെയും വിലാസങ്ങളും അടങ്ങിയ കാര്‍ഡുകളും കൈമാറണമെന്ന് സര്‍വീസ് കമ്പനികള്‍ക്ക് ഹജ്ജ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയത്.