കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി

Posted on: April 23, 2014 1:41 pm | Last updated: April 23, 2014 at 1:41 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി.
എരഞ്ഞിക്കല്‍ പൂമക്കോത്ത് വീട്ടില്‍ ഷംസുദ്ദീനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഷംസുദ്ദീനെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന ആശങ്കക്കിടെ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ കീഴടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് സ്വര്‍ണം കടത്തിയത്. തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് നാല് കിലോ സ്വര്‍ണം പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എരഞ്ഞിക്കല്‍ സ്വദേശിയായ ഷിനുവിനെ നേരത്തെ പിടികൂടിയിരുന്നു. ഷിനുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഷംസുദ്ദീന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഷംസുദ്ദീന്റെ വീട്ടിലും കടയിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
കരിപ്പൂരില്‍ സ്വര്‍ണം എത്തിച്ച യാത്രികരെ കുറിച്ച് ഷംസുദ്ദീന്‍ കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം. ഇക്കാര്യം കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. 26 വര്‍ഷമായി ഷംസുദ്ദീന്‍ സ്വര്‍ണവ്യാപാരം നടത്തുന്നുണ്ടെന്നും നിരവധി കേസുകളില്‍ പങ്കുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.