അഞ്ച് കോടി ഡോളറിന്റെ സഹായം:ഭീഷണി നേരിടാന്‍ ഉക്രൈനിന്റെ കൂടെ അമേരിക്കയും

Posted on: April 23, 2014 12:18 am | Last updated: April 23, 2014 at 12:18 am

കീവ്: റഷ്യ നടത്തുന്ന അപമാനകരമായ ഭീഷണി നേരിടുന്നതിന് ഉക്രൈനിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് അമേരിക്ക. പടിഞ്ഞാറിനോട് ചായ്‌വ് പുലര്‍ത്തുന്ന ഉക്രൈനിലെ പുതിയ സര്‍ക്കാറിനുള്ള ഐക്യദാര്‍ഢ്യമായിരുന്നു യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ പ്രഖ്യാപനം.
മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസാരം അവസാനിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് റഷ്യ ഇനിമുതല്‍ സമയം വിനിയോഗിക്കേണ്ടത്. പൊതുമാപ്പ് സ്വീകരിക്കാനും തങ്ങളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കുക എന്ന സമീപനം സ്വീകരിക്കാനും കിഴക്കന്‍ മേഖലയിലെ റഷ്യന്‍ അനുകൂലികളോട് മോസ്‌കോ ആഹ്വാനം ചെയ്യണം. സര്‍ക്കാര്‍ ഓഫീസുകളും ചെക്ക്‌പോയിന്റുകളും വിട്ടുകൊടുക്കാനും അവരോട് റഷ്യ നിര്‍ദേശിക്കണം. അപമാനകരമായ ഭീഷണിയടക്കം ഗുരുതര പ്രശ്‌നങ്ങളാണ് ഉക്രൈന്‍ നേരിടുന്നത്. അടുത്ത മാസം 25ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഉക്രൈനിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമാണ്. ബിഡന്‍ പറഞ്ഞു.
സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ പരിഷ്‌കരണം നടത്താന്‍ അഞ്ച് കോടി ഡോളറിന്റെ സാമ്പത്തിക സഹായം യു എസ് പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്നുള്ള ഊര്‍ജ വിതരണം കുറക്കുന്നതിന് ഉക്രൈനിനെ സഹായിക്കാന്‍ യു എസ് സര്‍ക്കാര്‍ ഏജന്‍സികളിലെ വിദഗ്ധര്‍ രാജ്യത്തെത്തും. അഴിമതി തുടച്ചുനീക്കാന്‍ സാങ്കേതിക വിദഗ്ധരും എത്തും. ഉക്രൈന്‍ സായുധ സേനക്ക് 80 ലക്ഷം ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉക്രൈന്‍ പ്രധാനമന്ത്രി ആഴ്‌സെനി യാത്‌സെന്‍യൂകുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു ബിഡന്‍.
അതേസമയം, ആക്രമണങ്ങള്‍ പെരുകുന്നതിനെതിരെ ഉക്രൈന്‍ ഭരണാധികാരികള്‍ ഒന്നും ചെയ്യാത്തതില്‍ അമര്‍ഷം അറിയിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് ഫോണ്‍ ചെയ്തു. ആഭ്യന്തര കലഹം പരിഹരിക്കുന്നതിന് ഉക്രൈന്‍ ഭരണാധികാരികള്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന് ലാവ്‌റോവ് ചൂണ്ടിക്കാട്ടി.