മൂന്ന് വയസ്സുകാരിയുടെ വെടിയേറ്റ് അനുജന്‍ മരിച്ചു

Posted on: April 22, 2014 1:39 am | Last updated: April 22, 2014 at 12:40 am

ലോസ് ആഞ്ചലസ്: തോക്കുമായി കളിക്കുന്നതിനിടെ അമേരിക്കയില്‍ മൂന്ന് വയസ്സുകാരിയുടെ വെടിയേറ്റ് രണ്ട് വയസ്സുള്ള സഹോദരന്‍ മരിച്ചു. വീടിന്റെ ലിവിംഗ് റൂമില്‍ അലക്ഷ്യമായി സൂക്ഷിച്ച റൈഫിളാണ് വില്ലനായത്. അമേരിക്കയില്‍ ഒരു മാസത്തിനിടെ നാലാം തവണയാണ് കുട്ടികള്‍ ഉള്‍പ്പെടുന്ന സമാനമായ സംഭവങ്ങളുണ്ടാകുന്നത്.
സംഭവം യാദൃച്ഛികമെന്നാണ് പോലീസ് പറയുന്നതെങ്കിലും അന്വേഷണം നടക്കുകയാണ്. മൂന്ന് വയസ്സുകാരി തോക്ക് കൈകാര്യം ചെയ്യാന്‍ പഠിച്ചതില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, മറ്റൊരു സംഭവത്തില്‍ സൗത്ത് കരോലിനയില്‍ ആറ് വയസ്സുകാരന്റെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറിന്റെ മുന്‍ സീറ്റിലിരുന്ന തോക്കെടുത്ത് മകന്‍ വെടിവെക്കുകയായിരുന്നു. ഈ മാസം ആദ്യത്തില്‍ ഏഴ് വയസ്സുകാരന്റെ വെടിയേറ്റ് പതിനൊന്നുകാരന്‍ മരിച്ചതും രണ്ട് വയസ്സുകാരന്‍ സഹോദരിയെ വെടിവെച്ചതും അമേരിക്കയില്‍ വാര്‍ത്തയായിരുന്നു.