Connect with us

Articles

ഫിഡെ റേറ്റഡ് ചെസ്സ് ടൂര്‍ണമെന്റിലെ കള്ളക്കരുനീക്കങ്ങള്‍

Published

|

Last Updated

കേരളത്തിലിപ്പോള്‍ അങ്ങിങ്ങ് ഫിഡെറേറ്റഡ് ചെസ്സ് ടൂര്‍ണമെന്റുകള്‍ സംഘടപ്പിച്ചുവരുന്നുണ്ടല്ലോ. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പോലീസ് അധികാരികളും റവന്യൂ വകുപ്പ് ഉന്നതരും ബിസിനസ്സ് പ്രമുഖരുമൊക്കെയാണ് ഉദ്ഘാടനത്തിനും ട്രോഫി വിതരണത്തിനുമൊക്കെയെത്തുന്നത്.
എന്താണ് ഫിഡെറേറ്റഡ് ചെസ്സ് ടൂര്‍ണമെന്റ്? അത് വര്‍ധിക്കാന്‍ കാരണമെന്ത്? ആരാണ് ഇതിന്റെ നടത്തിപ്പുകാര്‍? എന്താണ് ലക്ഷ്യം? ആര്‍ക്ക് എന്ത് നേട്ടം? ഇത്യാദി കാര്യങ്ങളെപറ്റി അതിന് പ്രോത്സാഹനം കൊടുക്കുന്ന മേല്‍പ്പറഞ്ഞ ഉന്നത വ്യക്തികള്‍ക്കോ പത്രങ്ങള്‍ക്കോ ഒരു പിടിപാടുമുണ്ടാകില്ല. പങ്കെടുക്കുന്ന കളിക്കാര്‍ക്കു പോലും അറിയില്ല. (നടത്തുന്നതാരായാലും ആവേശക്കാരായ അവര്‍ക്ക് കളിച്ചാല്‍ മതി.) ഈ വിവരക്കേടിനെ ചുളുവില്‍ മുതലെടുക്കുകയാണ് നടത്തിപ്പുകാരായി രംഗത്ത് വരുന്ന ചില വിരുതന്മാര്‍.

സംഘാടകനായി ഒരാള്‍. ശിങ്കിടികളായി ഒന്നോ രണ്ടോ വ്യക്തികളും. ഇത്രമാത്രമാണുണ്ടാകുക. പേരിന് ഒരു കമ്മിറ്റി രൂപവത്കരിക്കപ്പെട്ടിരിക്കും. പക്ഷേ, കൈകാര്യ രംഗത്ത് അവര്‍ക്കാര്‍ക്കും റോളില്ല. ഇവിടെയാണ് തട്ടിപ്പിന്റെ രഹസ്യം കുടികൊള്ളുന്നത്. അതെങ്ങനെയെന്ന് നോക്കാം.
ഒരു റേറ്റഡ് ടൂര്‍ണമെന്റില്‍ ശരാശരി 350 കളിക്കാരെങ്കിലും പങ്കെടുക്കും. പങ്കെടുക്കുന്നവരുടെ എണ്ണം കൂട്ടാനുള്ള വിദ്യയാണ് ഫിഡെറേറ്റഡ് എന്ന മുദ്രയെങ്കിലും റേറ്റിംഗ് ഇല്ലാത്ത സാധാരണക്കാരായ കളിക്കാര്‍ക്കും പങ്കെടുക്കാം എന്ന വിട്ടൊഴിവ്. പ്രവേശ ഫീ വകയില്‍ വരവ് വര്‍ധിപ്പിക്കാനാണ് ഈ “തരികിട”. ചുരുങ്ങിയത് 1000 രൂപയാണ് ഒരാള്‍ ഒടുക്കേണ്ട പ്രവശ ഫീ. ഈയിടെ നടന്ന ചിലതിന് ഇത് 1500 രൂപയായിരുന്നു. അപ്പോള്‍ 350 പേരില്‍ നിന്നായി ലഭിക്കുന്നത് 3,50,000 രൂപ. വേറെ ഒരു വിചിത്ര വരവിനം കൂടിയുണ്ട്. അതായത് കളിയുടെ പ്രാഥമിക പാഠം മാത്രം അറിയുന്ന ചെറു കളിക്കാര്‍ക്കും ഇത്തരം വലിയ റേറ്റഡ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത് ദേശീയ താരം, ഏഷ്യന്‍ താരം എന്നൊക്കെ പേരെടുക്കാന്‍ അവസരം. പക്ഷേ, അതിന് പണം മുടക്കണം. ടൂര്‍ണമെന്റിന് സംഭവനയായി അയ്യായിരമോ പതിനായിരമോ ഒക്കെ. ഡോണര്‍ പ്ലെയര്‍ എന്നാണ് ഇതിന് പേര്. എങ്ങനെയുണ്ട് ചൂഷണ ബുദ്ധി?

എന്നാല്‍ ഇതില്‍ നിന്ന് കളിക്കാര്‍ക്ക് കിട്ടുന്നതെന്താണെന്നറിയേണ്ടേ? ആകെ സമ്മാനത്തുക ഒരു ലക്ഷം രൂപ. ആദ്യ മൂന്നോ നാലോ സ്ഥാനങ്ങള്‍ക്ക് 5000 മുതല്‍ 1500 വരെ. (ഈ കാശ് ഫിഡറേറ്റഡ് ടൂര്‍ണമെന്റ് തിരഞ്ഞ് ദേശം ചുറ്റുന്ന ഏതാനും അന്യ സംസ്ഥാന കളിക്കാര്‍ കൊണ്ടുപോകും.) താഴെ ചെറു സംഖ്യകള്‍. പിന്നെ ആദ്യ സ്ഥാനക്കാര്‍ക്ക് ഓരോ ട്രോഫിയും. ഇവിടുത്തെ കളിക്കാര്‍ക്കുള്ളത് ഇത് മാത്രം. ഈ പ്രൈസ് മണിയും ട്രോഫിയും ഓരോന്നായി ബിസിനസ്സ് സ്ഥാപനങ്ങളോ പ്രദേശത്തെ പ്രമുഖ വ്യക്തികളോ സ്‌പോന്‍സര്‍ ചെയ്തതായിരിക്കും. ചിലപ്പോള്‍ ടൂര്‍ണമെന്റ് മൊത്തം തന്നെ ഒരു ഭീമന്‍ ബിസിനസ്സ് സ്ഥാപനം സ്‌പോന്‍സര്‍ ചെയ്തിട്ടുള്ളതും സ്ഥാപനത്തിന്റെ പേര്‍ ചാര്‍ത്തപ്പെട്ടതുമായിരിക്കും. ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തെ ഒത്താശക്കാരായ ചെസ്സ്‌പ്രേമികളെ ഉപയോഗപ്പെടുത്തി ഒരു പൊതുപിരിവും പുറമെ നടത്തും. ഇതിന് റസിപ്‌റ്റൊന്നുമുണ്ടാകില്ല. പ്രവേശ ഫീ ഇനത്തിലുള്ള ലക്ഷങ്ങള്‍ക്ക് പുറമെ മേല്‍ നിലകളിലെല്ലാം കൂടി വരവ് എത്ര ലക്ഷം?
ഇനി ചെലവ് നോക്കാം. പ്രചാരണം പത്രങ്ങളും മറ്റു വാര്‍ത്താ മാധ്യമങ്ങളും നടത്തിക്കൊള്ളും. ഒരു വാര്‍ത്താ സമ്മേളനം വിൡണമെന്നേയുള്ളൂ. നോട്ടീസോ വാള്‍പോസ്റ്ററോ ബാനറോ, സ്‌പോന്‍സര്‍ ചെയ്യാന്‍ വല്ല കച്ചവട സ്ഥാപനത്തെയും കിട്ടിയാല്‍ മാത്രം, ഉണ്ടാകും. ഉദ്ഘാടന, സമാപന പരിപാടികള്‍ക്ക് അതിഥികളെ ക്ഷണിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കണം. യാത്രപ്പടിയും മറ്റും കൊടുക്കേണ്ടിവരാത്തവരെ മാത്രം കണ്ടെത്തുക. നാരങ്ങാ വെള്ളമോ ചായയോ ആ അതിഥിക്ക് വിരുന്ന് വിഭവം. കളിക്കാര്‍ അവരവരുടെ ഭക്ഷണ, താമസ ചെലവ് സ്വന്തം നിലയില്‍ വഹിക്കണം. ചിലപ്പോള്‍ ചെറിയ ആനുകൂല്യം വലിയ കളിക്കാര്‍ക്ക് നല്‍കിയേക്കാം. മത്സരം നടത്താന്‍ കണ്ടെത്തുന്ന സ്ഥലവും ശ്രദ്ധിച്ചിരിക്കണം. ചെലവ് വരരുത്. സ്ഥലത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ മറ്റോ ഫര്‍ണിഷ് ചെയ്യപ്പെട്ട ഹാള്‍ “കലാസേവന”ത്തിന് ആ സ്ഥാപനത്തിന്റെ വക സൗജന്യമായി തരപ്പെടുത്തുക.
യഥാര്‍ഥ ചെലവായി മൂന്ന് വക മാത്രം. ഒന്ന് ആര്‍ബിറ്റര്‍ ഫീസ്. ഇത് 5000ത്തില്‍ കവിയില്ല. രണ്ട്, ഫിഡറേറ്റിംഗ് അംഗീകാരത്തിനായി 30,000 രൂപ. സംസ്ഥാന അസോസിയേഷന് കൊടുക്കേണ്ടത് 5000മുണ്ടാകും. മൂന്ന്, ജില്ലാ അസോസിയേഷന്‍ ഫീ. ഇത് ആയിരത്തിലും ചുവടെ. ഈ ചെലവുകളിലേക്ക് വരവായി ജില്ലാ, സംസ്ഥാന അസോസിയേഷനുകളില്‍ രജിസ്‌ട്രേഷന് 250+ 350 രൂപ ഓരോ കളിക്കാരനും വേറെ ഒടുക്കണം.
ഒരു ഫിഡെറേറ്റഡ് ടൂര്‍ണമെന്റ് നടത്തിയാല്‍ സംഘാടക മേധാവിയുടെ കൈയില്‍ വന്നുചേരുന്നത് എത്ര ലക്ഷങ്ങളാണ് എന്ന് ആര്‍ക്കും കണക്ക് കൂട്ടി നോക്കാവുന്നതേയുള്ളൂ. സ്‌പോര്‍ട്‌സ് കൗണ്‍സിലോ മറ്റേതെങ്കിലും ഉത്തരാവദപ്പെട്ട അധികാര കേന്ദ്രങ്ങളോ ഈ വഴി തിരിഞ്ഞുനോക്കാറേയില്ലാത്തതിനാല്‍ ആരെയും കണക്ക് ബോധിപ്പിക്കേണ്ടതില്ല. ഒരന്വേഷണത്തിനും ഉത്തരം പറയേണ്ടതുമില്ല. കിട്ടിയ തുക മുഴുവന്‍ കിട്ടുന്നവന്റെ കീശയില്‍ ഭദ്രം. അത് അടിച്ചുപൊളിച്ച് തീരും മുമ്പ് “ഫിഡെറേറ്റ്ഡ്” നടത്താന്‍ അയാള്‍ മറ്റൊരു താവളം കണ്ടെത്തുന്നു.
ഇത്രയും പറഞ്ഞത് സാമ്പത്തിക ലാഭത്തെപ്പറ്റി. ചൂഷണത്തിന്റെ ഭാവി ഭദ്രമാക്കാനുള്ള വലിയൊരു ലാഭം വേറെയുണ്ട്. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പോലീസ് മേധാവികളും ഇവരുടെയെല്ലാം ഓഫീസും ആസ്ഥാനങ്ങളുമായി ഉറ്റബന്ധവും സ്വാധീനവും വ്യക്തിപരമായി ഉറപ്പിക്കാന്‍ കഴിയുക എന്നതാണ്.

ഇവിടെ ചെസ്സില്‍ ആരൊക്കെയാണ് കള്ളച്ചരക്ക്, ആരൊക്കെയാണ് ഔദ്യോഗിക വക്താക്കള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇവിടുത്തെ വാര്‍ത്താ മാധ്യമങ്ങള്‍ക്കോ കളിയെഴുത്തുകാര്‍ക്കോ ഒന്നും വ്യക്തമായ ധാരണയില്ലാത്തത് വ്യാജന്മാരുടെ വ്യാപനത്തിനും ചൂഷണ വര്‍ധനവിനും ഏറെ സഹായകമായ അന്തരീക്ഷമാണ്. സംസ്ഥാന ചെസ്സ് അസോസിയേഷന്റെ മുന്‍ ഭാരവാഹി എന്ന നിലയിലും മറ്റും ചെസ്സുമായുള്ള അടുത്ത ബന്ധം കൊണ്ട് ആ രംഗത്തെ ഓരോ മിടിപ്പും സൂക്ഷ്മമായി മനസ്സിലാക്കിയതുകൊണ്ടാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ഒരിക്കലും ആരോഗ്യകരമായ പ്രവണതകളല്ല, ചെസ്സ് നടത്തിപ്പ് തലത്തിലുള്ളത്. അതുകൊണ്ടു തന്നെ എത്ര ടൂര്‍ണമെന്റുകളും മറ്റു പരിപാടികളും നടന്നാലും അയല്‍ സംസ്ഥാനങ്ങളുടെ നാലയലത്തുപോലും എത്താന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുമില്ല. കളിക്കാരുടെ ഉന്നമനവും കളിയുടെ നിലവാരമുയര്‍ച്ചയുമല്ലല്ലോ നടത്തിപ്പുകാരുടെ ലക്ഷ്യം. ഔദ്യോഗിക മത്സരങ്ങള്‍ പോലും ഇത്തരം ധനാപഹരണത്തിന് വിധേയമാണ്.
ഇവിടെ ചെസ്സ് വിനോദത്തിന്റെ വളര്‍ച്ചക്കും പ്രോത്സാഹനത്തിനുമായി പ്രാദേശിക, ജില്ലാ, സംസ്ഥാന ടൂര്‍ണമെന്റ് സംഘാടനത്തിനോ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കോ മുതിരാതെ ഉന്നതതല ഫിഡെറേറ്റഡ് ടൂര്‍ണമെന്റുമായി ചിലര്‍ ഊര് ചുറ്റുന്നതിന് പിറകിലും പല കള്ളക്കരുനീക്കങ്ങളും ഇവിടുത്തെ ചെസ്സ് കളങ്ങളില്‍ മറഞ്ഞുകിടപ്പുണ്ടെന്നറിയുക.

Latest