ഉരുട്ടിക്കൊലക്കേസ്: സി ബി ഐക്ക് വീണ്ടും രൂക്ഷ വിമര്‍ശനം

Posted on: April 21, 2014 1:28 pm | Last updated: April 21, 2014 at 1:28 pm

udayakumar uruttikolaതിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ സി ബി ഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് സി ബി ഐ കുറ്റപത്രത്തില്‍ നിരത്തിയതെന്ന് നിരീക്ഷിച്ച കോടതി കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഇതിനായി കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 30ലേക്ക് നീട്ടി. കൊലപാതകത്തിന് ശേഷം പ്രതികള്‍ ചര്‍ച്ച നടത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ ആരാണെന്ന് കണ്ടുപിടിക്കണമെന്നും സി ബി ഐയോട് തിരുവനന്തപുരം പ്രതേ്യക സി ബി ഐ കോടതി ആവശ്യപ്പെട്ടു.

സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥനു നോട്ടിസ് അയക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്നു കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി.

കൊലപാതകത്തിനും വ്യാജ എഫ് ഐ ആര്‍ തയ്യാറാക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും വെവ്വേറെ കുറ്റപത്രങ്ങളാണ് സി ബി ഐ സമര്‍പ്പിച്ചിട്ടുള്ളത്. കേസില്‍ സി ബി ഐ അന്വേഷണത്തെ കോടതി നേരത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുറ്റപത്രം തയ്യാറാക്കിയതില്‍ വന്‍ വീഴ്ചയുണ്ടെന്നും കുറ്റപത്രം അപൂര്‍ണമാണെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തില്‍ പ്രതികളായ പോലീസുകാരുടെ പങ്കിനെക്കുറിച്ച് കുറ്റപത്രത്തില്‍ വ്യക്തതയില്ല. കൊലക്കേസില്‍ മൂന്നാം പ്രതിയായ സോമന്‍ എന്തുകൊണ്ടു ഗൂഢാലോചനയില്‍ പ്രതിയായില്ല. എന്നിങ്ങനെ നിരവധി സംശയങ്ങളും കോടതി ഉന്നയിച്ചിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്തയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ കോടതി രണ്ട് കുറ്റപത്രങ്ങളിലും ഒരേ കുറ്റം ചുമത്തിയിട്ടുള്ളതിനെയും വിമര്‍ശിച്ചിരുന്നു.