Connect with us

Wayanad

വേനല്‍ മഴ തുടരുന്നു : 10 വീടുകള്‍ തകര്‍ന്നു; വ്യാപക കൃഷിനാശം

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ ഒരാഴചയോളമായി തുടരുന്ന കനത്ത മഴ യിലും കാറ്റിലും സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ 150 ഓളം വീടുകള്‍ക്ക് ഭാഗീകമായും 10 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ചൂതുപാറ, പന്നിമുണ്ട, അപ്പാട്, നെടിയഞ്ചേരി, കൊങ്ങിയമ്പം എന്നിവിടങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഈ ഭാഗങ്ങളില്‍ ഹെക്ടര്‍ കണക്കിന് കൃഷിനാശങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് അപ്പാട് നെടിയംഞ്ചേരി ഭാഗങ്ങളിലാണ്. മൂന്നു വീടുകള്‍ പൂര്‍ണമായും 12 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കനത്ത മഴയിലും ശക്തമായ കാറ്റിലും നഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ ഐ സി ബാലകൃഷ്ണ എം എല്‍ എ, തഹസില്‍ദാര്‍ പ്രേംരാജ്, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. റവന്യു-കാര്‍ഷിക വകുപ്പിന്റെയും സഹകരണത്തോടുകൂടി താലൂക്ക് അടിസ്ഥാനത്തില്‍ മീറ്റിംഗുകള്‍ വിളിച്ച്‌ചേര്‍ത്ത് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നഷ്ടപരിഹാരത്തുക അര്‍ഹരിലേക്ക് എത്രയും വേഗത്തില്‍ എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാത്രം മീനങ്ങാടി പഞ്ചായത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി പല ഭാഗത്തും നിലച്ചു.
പഞ്ചായത്തിലെ കാപ്പിക്കുന്ന്, നെരിയന്‍ ചേരി, പള്ളിക്കമൂല, ചൂതപ്പാറ, മാനികാവ് പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. നിരവധി കര്‍ഷകരുടെ തെങ്ങ്, റബ്ബര്‍, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്.
പള്ളിക്കമൂല നെരിയന്‍ ചേരി ഭാഗത്ത് പത്തോളം വീടുകളും ചൂതപ്പാറ പൂവള്ളി കോളനിയില്‍ ഒരു വീടും തകര്‍ന്നു.
അപ്പാട് പള്ളിക്കമൂല പുതുപ്പള്ളിയില്‍ ഹരിലാലിന്റെ വീട്് റബ്ബര്‍ മരം വീണ് തകര്‍ന്നു. പള്ളിക്കമൂല താഴത്ത് വീട്ടില്‍ പത്മനാഭന്‍, മുണ്ടേക്കണ്ടത്തില്‍ ചന്ദ്രമതി, ഐത്തിക്കല്‍ ജോസഫ്, സാബു എന്നിവരുടെ വീടുകള്‍ക്കും മരം വീണ് നാശനഷ്ടം സംഭവിച്ചു. ചൂതപ്പാറ പൂവള്ളി കോളനിയിലെ രവി, തണ്ടെയില്‍ തങ്കമ്മ, അത്തിക്കുഴി ബെന്നി, ചാരപുറത്ത് രവീന്ദ്രന്‍ എന്നിവരുടെ വീടുകകളും ഭാഗികമായി തകര്‍ന്നു. പള്ളിക്കമൂല മേപ്പളത്ത് കുര്യന്‍ബാബുവിന്റെ രണ്ട് ഏക്കര്‍ റബ്ബര്‍മരങ്ങള്‍ കാറ്റിലും മഴയിലും നശിച്ചു. കാപ്പിക്കുന്ന് അള്ളുങ്കല്‍ വിശ്വനാഥന്‍, വഴങ്ങാട്ടില്‍ സുരേന്ദ്രന്‍, കീതാപുള്ളില്‍ നന്ദിനി, മാണികാവ് കൊന്നക്കല്‍ സുന്ദരേശന്‍, വെള്ളം കൊല്ലി രാജന്‍, പുറക്കുടി ബിനോയി, നടുപറമ്പില്‍ സതീന്ദ്രന്‍ എന്നിവരുടെ തോട്ടങ്ങളിലും നാശനഷ്ടം ഉണ്ടായി. ഈ പ്രദേശങ്ങളില 40 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണതായി കെഎസഇബി മീനങ്ങാടി സെക്ഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചു. മഴയിലും കാറ്റിലും കാട്ടിക്കുളം ഭാഗങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. ബാവലി ഷാണമംഗലത്ത് ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേപ്പാടിയില്‍ ചെമ്പോത്തറ വിളക്കത്തറ കോളനിയില്‍ നാലേക്കോറോളം കൃഷിയിടത്തിലെ മൂവായിരത്തോളം കുലച്ച വാഴകള്‍ നശിച്ചു. ലത്തീഫ്, അസൈനാര്‍,മുഹമ്മദ്, അഷ്‌റഫ് എന്നിവരുടെ നിരവധി വാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും നശിച്ചത്. പൂത്തക്കൊല്ലി കാരിക്കുഴി ആലിക്കുട്ടിയുടെ വീടിന്റെ ഷീറ്റുകള്‍ കാറ്റില്‍ തകര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും പുല്‍പ്പള്ളി മേഖലയില്‍ വ്യാപക നാശമുണ്ടായി. മരങ്ങള്‍ കടപുഴകുകയും ഒടിഞ്ഞുവീണ് വീടുകള്‍ തകരുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു. വന്‍ കൃഷി നാശവുമുണ്ടായി. ചീയമ്പത്ത് എ കെ കോളനിയില്‍ താലിക്കാട്ട് മുഹമ്മദിന്റെ വീടിന് മുകളില്‍ സമീപ വനത്തിലെ തേക്കുകള്‍ ഒടിഞ്ഞുവീണ് വീട് പൂര്‍ണമായും തകര്‍ന്നു.
വീട്ടിനകത്തുണ്ടായിരുന്ന വൃദ്ധരായ മുഹമ്മദും ഭാര്യ ആമിനയും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എ.കെ. കോളനിയിലെ ഒന്നരയേക്കര്‍ സ്ഥലത്ത് മൂന്നും അഞ്ചും സെന്റുകളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ വന്‍ ഭീതിയിലാണ്. ഇതിന് സമീപം താമസിക്കുന്ന താന്നിയുള്ളതില്‍ ഷൈനിയുടെ വീട് പ്ലാവൊടിഞ്ഞുവീണ് മേല്‍ക്കൂര മുഴുവന്‍ തകര്‍ന്നു. മൂന്നുപെണ്‍മക്കളുള്ള ദരിദ്ര കുടുംബമാണ് ഷൈനിയുടേത്.പാറക്കടവ് കളരിക്കല്‍ തോമസിന്റെ 200 റോളം ഏത്തവാഴകള്‍, നിരവധി തെങ്ങ്, കമുക് എന്നിവ കാറ്റില്‍ നശിച്ചു. കളരിക്കല്‍ സജിയുടെ തെങ്ങുകളും ഒടിഞ്ഞുവീണു.വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതിനാല്‍ പുല്‍പള്ളി മേഖലയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

Latest