Connect with us

Palakkad

പഞ്ചായത്ത് കടവിന്റെ പൂട്ട് തകര്‍ത്ത് മണല്‍ കടത്ത്: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കുറ്റനാട്: പഞ്ചായത്ത് കടവിന്റെ പൂട്ട് തകര്‍ത്ത് പുഴയില്‍ വാഹനമിറക്കി മണല്‍ കടത്ത് നടത്തുകയായിരുന്ന രണ്ട് ലോറികള്‍ പിടികൂടി. ജില്ലാ അതിര്‍ത്തിയായ ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവില്‍ നിന്നാണ് ലോറികള്‍ പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ എടപ്പാള്‍, കണ്ടനകം, കാലടി മേഖലയിലെ മണല്‍ മാഫിയയാണ് മണല്‍ കടത്ത് നടത്തുന്നത്. ഈ സംഘത്തിന്റെതാണ് തൃത്താല പോലീസ് പിടികൂടിയ വാഹനങ്ങള്‍. ശനിയാഴ്ച്ച പുലര്‍ച്ചെ 4.30നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് തൃത്താല എസ് ഐ കുമാറിന്റെ നേത്യത്വത്തിലുളള സംഘം പരിശോധനക്ക് എത്തിയത്.കാറ്റാടിക്കടവിലെ റോഡില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരം പുഴയിലൂടെ വാഹനം കൊണ്ടുപോയാണ് മണല്‍ വാരുന്നത്.
പോലീസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് മണല്‍ കടത്ത് സംഘം രക്ഷപ്പെട്ടു. കെ എല്‍ 8 7213, കെ എല്‍ 46.9832 എന്നീ നമ്പറിലുള്ള ലോറികളാണ് പിടിയിലായത്. മണല്‍ നിറച്ച് ലോറികള്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ലോറിയില്‍ നിന്ന് ജെ സി ബി ഉപയോഗിച്ച് മണല്‍ നീക്കം ചെയ്താണ് തൃത്താല പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വ്യാപക മണല്‍ വാരല്‍ നടക്കുന്നതിനാല്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഈ കടവില്‍നിന്ന് അംഗീകൃത തൊഴിലാളികളില്‍പ്പെട്ട ചിലരാണ് മണല്‍ കടത്ത് സംഘത്തിന് വാഹനങ്ങളില്‍ മണല്‍ നിറച്ചുകൊടുക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാറ്റാടി കടവില്‍ നിന്ന് നൂറ് മീറ്ററോളം ദൂരം പോയാല്‍ മലപ്പുറം ജില്ലയായതിനാല്‍ ഇവിടത്തെ മണല്‍ കടത്ത് തൃത്താല പോലീസിന് പിടികൂടാന്‍ കഴിയാറില്ല. ഇവിടെ നിന്ന് മണല്‍ പോകുന്നത് മലപ്പുറം ജില്ലയിലേക്കാണ്. മലപ്പുറം ജില്ലയിലെ വന്‍കിട മണല്‍ മാഫിയയാണ് പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍നിന്നുളള മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നത്. കടവില്‍ പഞ്ചായത്തിന്റെ പൂട്ടിന് പുറമെ മണല്‍ കടത്ത് സംഘത്തിനും വേറെ പൂട്ട് ഇട്ടിട്ടുണ്ട്.
മണല്‍ കടത്ത് സംഘത്തിന്റെ വാഹനം പുഴയിലേക്ക് ഇറങ്ങിയാല്‍ ഗെയിറ്റ് സംഘം അടച്ചിടും. ലോറിയില്‍ മണല്‍ നിറച്ച് കഴിഞ്ഞ് പ്രശ്‌നങ്ങളില്ലെങ്കില്‍ ഗെയിറ്റ് തുറന്ന് കൊടുക്കുകയാണ് പതിവ്. പകലായാലും രാത്രിയായാലും പോലീസ് വരുന്ന സമയങ്ങളില്‍ ഗെയിറ്റ് അടഞ്ഞു കിടക്കുന്നത് കാരണം മണല്‍ കടത്ത് പോലീസിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടാതെ പോകുകയായിരുന്നു.
മാസങ്ങളായി പഞ്ചായത്തിന്റെ ഗെയിറ്റ് അടച്ച് പോലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് മണല്‍ കടത്ത് നടത്തുകയായിരുന്നു. വന്‍കിട ഗുണ്ടാസംഘത്തിന്റെ പിന്‍ബലത്തിലാണ് ഇവിടെ നിന്ന് മണല്‍ കടത്ത് നടത്തുന്നത്. പോലീസിന് രഹസ്യ വിവരം ലഭിച്ചില്ലങ്കില്‍ ഇവിടെ നിന്ന് നടക്കുന്ന മണല്‍ കടത്ത് പുറം ലോകം അറിയില്ല. ദിനേന നിരവധി ലോഡ് മണലാണ് അതിര്‍ത്തി കടന്ന് പോകുന്നത്.
മിനിലോറികള്‍, ടിപ്പര്‍ ലോറികള്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. മിനിലോറി മണലിന് പതിനായിരം മുതല്‍ പതിനയ്യായിരം രൂപവരെയാണ് വില. ആവശ്യമനുസരിച്ച് വില ഇനിയും ഉയരും.
തൃത്താല എസ് ഐക്ക് പുറമെ എ എസ് ഐ കൃഷ്ണന്‍കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജിത്ത്, മണി, ചന്ദ്രന്‍ എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് മണല്‍ കടത്ത് പിടികൂടിയത്.