Connect with us

Kerala

പ്രതീക്ഷിച്ചവര്‍ക്ക് നിരാശ; ലഭിച്ചവര്‍ക്ക് ഞെട്ടല്‍

Published

|

Last Updated

തിരുവനന്തപുരം: പതിവ് രീതിയില്‍ നിന്ന് വ്യത്യാസമില്ലാതെ പരാതികളോടും പരിഭവങ്ങളോടും കൂടിയാണ് ഇത്തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. പ്രതീക്ഷയോടെ കാത്തിരുന്ന ചില താരങ്ങളെയും സംവിധായകരെയും പുരസ്‌കാരം പ്രഖ്യാപനം നിരാശപ്പെടുത്തി. അര്‍ഹരായവരില്‍ പലര്‍ക്കും ഇത് ഒരു ഷോക്കായിരുന്നു.

മലയാളസിനിമകളില്‍ ആഞ്ഞടിച്ച ന്യൂ ജനറേഷന്‍ തരംഗം അതേപടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും പ്രതിഫലിച്ചപ്പോള്‍ പ്രേക്ഷകര്‍ പുരസ്‌കാരം പ്രതീക്ഷിച്ച പലരും തഴയപ്പെട്ടു. ദേശീയ പുരസ്‌കാരം നേടി ജൂറിയെ അത്ഭുതപ്പെടുത്തിയ സുരാജ് വെഞ്ഞാറമൂട് മികച്ച നടന്മാരുടെ മത്സര പട്ടികയില്‍ പോലും ഇടംപിടിച്ചില്ല. ദേശീയ അവാര്‍ഡിന്റെ പശ്ചാതലത്തില്‍ “പേരറിയാത്തവന്‍” എന്ന ഡോ. ബിജുവിന്റെ ചിത്രവും ഒപ്പം സുരാജ് വെഞ്ഞാറമ്മൂടിനും സ്വപാനത്തിലെയും നടനിലെയും അഭിനയത്തിന് ജയറാമിനും പ്രേക്ഷകര്‍ പുരസ്‌കാരം പ്രതീക്ഷിച്ചപ്പോള്‍ ഈ ചിത്രങ്ങളും നടന്മാരും ജൂറിമാരുടെ ശ്രദ്ധയില്‍ പോലും പെട്ടില്ലെന്നത് കൗതുകകരമാണ്. ഇതിനെതിരെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ഉയരുന്നത്.
ആകെ പ്രഖ്യാപിച്ച 36ല്‍ 25 പുരസ്‌കാരങ്ങളും ഇത്തവണ ന്യൂജനറേഷന്‍ പക്ഷത്തേക്കാണ് ഒഴുകിയത്. കഴിഞ്ഞ വര്‍ഷം ഒഴിമുറിയിലെ മികച്ച പ്രകടനത്തിന് കിട്ടാതെ പോയ പുരസ്‌കാരം അത്രയൊന്നും അഭിനയ പ്രാധാന്യമില്ലെന്ന് വിലയിരുത്തപ്പെട്ട സക്കറിയയുടെ ഗര്‍ഭിണികളിലൂടെ ലാല്‍ നേടിയപ്പോള്‍ മികച്ച പ്രകടനം കാഴ്ച വെച്ച ജയറാമും സുരാജും തഴയപ്പെട്ടു.

കമലിന്റെ നടന്‍, ഷാജി എന്‍ കരുണിന്റെ സ്വപാനം എന്നീ നാടകവും താളവും ജീവിതവും ഇഴചേര്‍ന്ന സിനിമകളിലൂടെ നടനവൈഭവത്തില്‍ നവ്യഭാവം തീര്‍ത്ത ജയറാം, സാധാരണ കോര്‍പറേഷന്‍ തൊഴിലാളിയുടെ ജീവിതകോണില്‍ നിന്ന് ദേശീയതലത്തില്‍ മികച്ച നടനെന്ന സിംഹാസനത്തിലെത്തിയ സുരാജ് തുടങ്ങിയ താരങ്ങള്‍ വേലിക്കുപുറത്തായതെങ്ങനെയെന്ന ചോദ്യത്തിന് ജൂറി നല്‍കുന്ന മറുപടി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടില്ല. പരിസ്ഥിതി പുരസ്‌കാരമുണ്ടായിരുന്നെങ്കില്‍ അത് പേരറിയാത്തവന് നല്‍കുമായിരുന്നെന്ന് പറയുന്ന ജൂറി പക്ഷെ ഈ സിനിമയില്‍ ജീവിച്ച് അഭിനയിച്ച സുരാജിന്റെ പ്രകടനത്തിന് നേരെ കണ്ണടക്കുകയായിരുന്നു. സുരാജിന്റെ തമാശകള്‍ കണ്ട ജൂറി ഹാസ്യാഭിനയത്തിന് മാര്‍ക്കിട്ടപ്പോള്‍ അത് ദേശീയ പുരസ്‌കാരത്തിന് മേല്‍ പരിഹാസ്യ ചിത്രം പതിക്കുകയാണെന്ന പ്രേക്ഷക അഭിപ്രായത്തെ സാധൂകരിക്കുന്നതായി.

അതേ സമയം അപ്രതീക്ഷിതമായി ലഭിച്ച അവാര്‍ഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ലാലിന്റെയും ഫഹദ് ഫാസിലിന്റെയും പ്രതികരണങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ ഫഹദ് ഫാസിലിന്റെ പുരസ്‌കാര ലബ്ധി അര്‍ഹതക്കുള്ള അംഗീകാരമായി തന്നെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. മികച്ച നടനെന്ന പദവി താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണെന്നും സുരാജിന്റേയും ജയറാമിന്റേയും പേരു കേള്‍ക്കാനാണ് കാത്തിരുന്നതുമെന്ന ലാലിന്റെ അഭിപ്രായം അവാര്‍ഡ് സാമാന്യ പ്രതീക്ഷകളെ അട്ടിമറിച്ചുള്ളതാണെന്ന് തെളിയിക്കുന്നതാണ്. സുരാജ് തഴയപ്പെട്ട പശ്ചാത്തലത്തില്‍, ദേശീയപുരസ്‌കാരത്തെ സംസ്ഥാന പുരസ്‌കാരം തരം താഴ്ത്തിയെന്നും, ഹാസ്യനടനുള്ള പുരസ്‌കാരത്തിലൂടെ ജൂറി സുരാജിനെ അപമാനിക്കുകയായിരുന്നെന്ന വിമര്‍ശം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പമുള്ളതായിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം