വിജയവാഡയില്‍ മത്സരം സി പി എമ്മും സി പി ഐയും തമ്മില്‍

Posted on: April 20, 2014 5:55 am | Last updated: April 19, 2014 at 11:57 pm

cpi and cpmവിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഇത്തവണത്തെ മത്സരത്തിന് പ്രാധാന്യമേറെയാണ്. പ്രധാന ഇടത് പാര്‍ട്ടികളായ സി പി എമ്മും സി പി ഐയും തമ്മിലാണ് ഇവിടെ പോര്. ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷമാണ് സി പി എമ്മും സി പി ഐയും രണ്ട് ചേരികളിലായി മത്സരിക്കാനൊരുങ്ങുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിഭജനത്തിന് മുമ്പും ശേഷവും ഇതുവരെ വിജയവാഡ മണ്ഡലത്തില്‍ നിന്ന് വിജയിക്കാന്‍ രണ്ട് ഇടത് പാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല. ഇടത് പിന്തുണയോടെ മത്സരിച്ച ബംഗാളി കവി ഹരീന്ദ്രനാഥ് ചദോപാധ്യായ സ്വതന്ത്രനായി വിജയിച്ചത് മാത്രമാണ് ഇതിനൊരു അപവാദം.
1971ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ സി പി ഐ ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്താറുണ്ട്. എന്നാല്‍, ഇതാദ്യമായാണ് സി പി എം വിജയവാഡയില്‍ മത്സരരംഗത്തിറങ്ങുന്നത്. കൃഷ്ണ ജില്ലാ സെക്രട്ടറി ഉമാമഹേശ്വര റാവുവാണ് സി പി എമ്മിന്റെ സ്ഥാനാര്‍ഥി. റൈയ്ത്തു സംഘം കൃഷ്ണ ജില്ലാ സെക്രട്ടറി എസ് നാഗേശ്വര റാവുവിനെയെയാണ് സി പി ഐ രംഗത്തിറക്കിയിട്ടുള്ളത്.
തീരദേശ പ്രദേശമായ വിജയവാഡയില്‍ ആര് ജയിച്ചാലും ശക്തി തെളിയിക്കുകയാണ് ലക്ഷ്യമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.