കുടുംബപ്രശ്‌നം: പിതാവ് മകളെ വെടിവെച്ചു

Posted on: April 19, 2014 4:14 pm | Last updated: April 20, 2014 at 12:12 pm

thumb-1252513273future-crime-gun

കൊല്ലം: പൂയപ്പള്ളി-മീയണ്ണൂരില്‍ പിതാവ് മകളെ വെടിവെച്ചു. മീയണ്ണൂര്‍ പാലമുക്കില്‍ വാടകക്ക് താമസിക്കുന്ന ഏറ്റുമാനൂര്‍ തെള്ളകം അതിരമ്പുഴ ഉള്ളാട്ടിക്കുളം വീട്ടില്‍ റോണി റോയി (25)യെയാണ് പിതാവ് റോയി ചെറിയാന്‍ (62) വെടിവെച്ചത്. പിതാവുമായി പിണങ്ങിക്കഴിയുന്ന മാതാവിനെ കാണാന്‍ പോയതാണ് കാരണമെന്ന് സംശയിക്കുന്നു.
സംഭവത്തിനു ശേഷം പിതാവ് ഒളിവിലാണ്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. നെഞ്ചില്‍ വെടിയേറ്റ റോണി വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഉടന്‍ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കരളില്‍ വെടിയുണ്ട തറച്ചതായി കണ്ടെത്തി.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. റോണിക്ക് ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ മാതാവ് ആന്‍സിയുമായി റോയി ചെറിയാന്‍ പിണങ്ങിപ്പിരിയുകയും വിവാഹബന്ധം വേര്‍പെടുത്തുകയുമായിരുന്നു. കോടതി വിധിപ്രകാരം പിന്നീട് റോണി പിതാവിനോടൊപ്പമാണ് വളര്‍ന്നത്.
അസീസിയാ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലി നോക്കി വരുന്ന റോണിയും പിതാവും ആറ് മാസം മുമ്പാണ് മീയണ്ണൂരില്‍ താമസമാക്കിയത്. രണ്ട് ദിവസം മുമ്പ് പിതാവ് അറിയാതെ അമ്മയെ കാണാന്‍ റോണി എറണാകുളം പള്ളുരുത്തിയില്‍ പോയിരുന്നു. മകള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകളെ കാണ്മാനില്ലെന്ന് കാട്ടി ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് മാതാവിനെയും മകളെയും വിളിച്ചുവരുത്തി കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം മാതാവിനോടൊപ്പം താമസിക്കാന്‍ അനുമതി നല്‍കിയതനുസരിച്ച് ഇന്നലെയാണ് മീയണ്ണൂരില്‍ മടങ്ങിയെത്തിയത്.
ഇന്ന് മൂവരും കരുനാഗപ്പള്ളി കോടതിയില്‍ കൗണ്‍സലിംഗിന് എത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. മകള്‍ കൈവിട്ടുപോകുമോ എന്ന വിഷമത്തിലാകാം വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പൂയപ്പള്ളി പോലീസ് കേസെടുത്തു.
എസ് ഐ മുബാറക്കിന്റെ നേതൃത്വത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള റോണി അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.