പതിനഞ്ചുകാരന്റെ ഫാമിലെ അഞ്ഞൂറോളം കാടകളെ വിഷംകൊടുത്ത് കൊന്നു

Posted on: April 19, 2014 9:46 am | Last updated: April 19, 2014 at 8:46 am

എടപ്പാള്‍: വിദ്യാര്‍ഥി നടത്തുന്ന കാട ഫാമില്‍ മുന്നൂറില്‍ പരം കാടകളെ വിഷം കൊടുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. ഇതേ ഫാമില്‍ അഞ്ഞൂറില്‍ പരം കാടകളെ വിഷം കൊടുത്ത് കൊന്നിട്ട് രണ്ട് മാസം ആകുമ്പോഴാണ് വീണ്ടും കാടകളെ കൊലപ്പെടുത്തിയത്. എടപ്പാള്‍ പഞ്ചായത്തിലെ പെരുമ്പറമ്പ് കല്ലിങ്ങല്‍ റസാഖിന്റെ മകന്‍ ഫൈജു(15) വീട്ടു വളപ്പില്‍ നടത്തുന്ന ഫാമിലാണ് കാടകളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് ശബ്ദം കേട്ട് ഫൈജുവിന്റെ സഹോദരന്‍ ഫൈറോസാണ് കാടകളില്‍ വളര്‍ത്തുന്ന കൂട്ടിലെത്തി നോക്കിയത്. അസമയത്ത് കാടകള പലതും ചത്ത നിലയിലും പലതും ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടത്തിലുമായിരുന്നു. അതിന് രണ്ട് മണിക്കൂര്‍ മുമ്പ് നായ കരയുന്ന ശബ്ദം കേട്ട് റസാഖ് വീടിന് പുറത്ത് വന്ന് നോക്കിയിരുന്നെങ്കിലും അസ്വാഭാവികമായൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കൂടിന്റെ വടക്ക് ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് വല ഒരു മീറ്ററോളം നീളത്തിലും കാല്‍ മീറ്ററോളം വീതയിലും മുറിച്ച നിലയിലാണ്.
കൊല്ലപ്പെട്ട ചില കാടകളെ ഷെഡ്ഡിന് പുറത്തും തൊട്ടടുത്ത പറമ്പിലും കണ്ടെത്തി. മുട്ടയിടുന്ന കാടകളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഷെഡ്ഡിന്റെ തെക്ക് ഭാഗത്ത് കാടകുഞ്ഞുങ്ങള്‍ വേറെയുമുണ്ട്.
ഫെബ്രുവരി 19നാണ് ഈ ഷെഡ്ഡില്‍ അഞ്ഞൂറില്‍ പരം കാടകളെ വിഷം കൊടുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. അന്ന് വിഷം കൊണ്ടു വന്ന കവര്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച ചത്ത കാടകള്‍ക്ക് മേല്‍ നീല നിറം വ്യാപകമായി പടര്‍ന്നതിനാലാണ് വിഷം കൊടുത്ത് കൊന്നതെന്ന് സൂചന ലഭിച്ചത്.
ഇന്ന് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. പൊന്നാനി എസ് ഐ. സി ജെ മുഹമ്മദ് ലത്വീഫ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
മലപ്പുറത്തു നിന്നും വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മലപ്പുറത്ത് നിന്നെത്തിയ റിങ്കോ എന്നപോലീസ് നായ മണം പിടിച്ച് തൊട്ടടുത്ത വീട് വരെ മാത്രം പോയി.
തൊട്ടടുത്ത വീടിന്റെ പിറകിലൂടെ മണം പിടിച്ച് നടന്ന നായ പിറകിലെ പോക്കറ്റ് റോഡില്‍ പോയി നില്‍ക്കുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് ഇതേ ഫാമിലെ തന്നെ ചെറിയ കൂടില്‍ വളര്‍ത്തിയിരുന്ന മുപ്പത് കാടകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.