Connect with us

Ongoing News

ത്രിവേണി സംഗമ ഭൂമിയില്‍ അട്ടിമറി പ്രതീക്ഷിച്ച് ബി ജെ പി; പോരാട്ടച്ചൂടുയര്‍ത്തി കൂടംകുളം സമര നായകനും

Published

|

Last Updated

വേനല്‍ ചൂടിനെ കടത്തിവെട്ടുന്ന തിരഞ്ഞെടുപ്പ് ചൂടില്‍ എരിയുന്ന ത്രിവേണി സംഗമ ഭൂമിയില്‍ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സീറ്റ് നിലനിര്‍ത്താന്‍ സിറ്റിംഗ് എം പി. ജെ ഹെലന്‍ ഡേവിഡ്‌സണെ പിന്‍വലിച്ച് എഫ് എം രാജ്യരത്തിനത്തെയാണ് ഡി എം കെ അങ്കത്തട്ടില്‍ ഇറക്കിയിരിക്കുന്നത്. പ്രധാന എതിര്‍ കക്ഷിയായ ബി ജെ പിക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം ഹെലന്‍ ഡേവിഡ്‌സനെതിരെ മത്സരിച്ച പൊന്‍ രാധാകൃഷ്ണന്‍ തന്നെയാണ് പോരിനിറങ്ങുന്നത്. എ ഐ എ ഡി എം കെക്ക് വേണ്ടി ജോണ്‍ തങ്കവും കോണ്‍ഗ്രസിനായി വസന്തകുമാറും രംഗത്തുണ്ട്. ഒപ്പം കൂടംകുളം ആണവ നിലയത്തിനെതിരായ പ്രതിഷേധം വോട്ടാക്കി മാറ്റാന്‍ കൂടംകുളം സമര നേതാവിനെ തന്നെയാണ് ആം ആദ്മി പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്. ഒരു തവണ മണ്ഡലത്തില്‍ നിന്ന് പാര്‍ലിമെന്റിലെത്തിയ സി പി എമ്മും ഇത്തവണ മത്സരരംഗത്തുണ്ട്. 2004ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എ വി ബെല്ലാര്‍മിനെയാണ് സി പി എം ഇത്തവണ രംഗത്തിറക്കിയത്. ഇതോടെ ശക്തമായ മത്സരത്തിനാണ് കന്യാകുമാരി വേദിയാകുന്നത്.

1951 മുതല്‍ തുടര്‍ച്ചയായി നാല് പതിറ്റാണ്ട് കാലത്തോളം കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന നാഗര്‍കോവില്‍ ലോക്‌സഭാ മണ്ഡലം 2009ലാണ് മണ്ഡല പുനര്‍നിര്‍ണയത്തോടെ കന്യാകുമാരി ലോക്‌സഭാ മണ്ഡലമായത്. അവസാന നാളുകളില്‍ തമിഴ് മാനില കോണ്‍ഗ്രസിനെയും ബി ജെ പിയെയും സി പി എമ്മിനെയും മണ്ഡലം തുണച്ചിട്ടുണ്ട്. ഡി എം കെ- ബി ജെ പി സഖ്യമുണ്ടാക്കിയ 99ലാണ് ബി ജെ പി ഇവിടെ താമര വിരിയിച്ചത്. രണ്ട് ദ്രാവിഡ പാര്‍ട്ടികളും കോണ്‍ഗ്രസും ഒറ്റക്ക് മത്സരിക്കുമ്പോള്‍ ബി ജെ പി വിജയകാന്തിന്റെ ഡി എം ഡി കെ ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ആ കെ 25 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്.
പാര്‍ട്ടിയിലെ പിളര്‍പ്പും തുടര്‍ന്ന് അഴഗിരിയുടെ നേതൃത്വത്തിലുള്ള വിഭാഗം ബി ജെ പിക്കൊപ്പം നിലകൊള്ളുന്നതുമാണ് സിറ്റിംഗ് മണ്ഡലമായ കന്യാകുമാരിയില്‍ ഡി എം കെക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ തവണ 65,687 വോട്ടിനാണ് ബി ജെ പിയിലെ പൊന്‍രാധാകൃഷ്ണനെ ഡി എം കെയിലെ ജെ ഹെലെന്‍ ഡേവിഡ്‌സണ്‍ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത വോട്ടില്‍ 3,20,161 വോട്ട് ഹെലന്‍ നേടിയപ്പോള്‍ പൊന്‍ രാധാകൃഷ്ണന് 2,54,474 വോട്ടുകളേ നേടാനായുള്ളൂ. ഈ സാഹചര്യത്തില്‍ ഡി എം കെയില്‍ നിന്ന് വിട്ടുവന്ന അഴഗിരി വിഭാഗത്തിന്റെ സഹായത്തോടെ മണ്ഡലത്തില്‍ അട്ടിമറി നടത്താനകുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. പ്രചാരണത്തിനായി കോണ്‍ഗ്രസും ബി ജെ പിയും ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസമാണ് കന്യാകുമാരിയില്‍ പ്രചാരണത്തിനെത്തിയത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായെത്തുന്നുണ്ട്. ആയിരം ദിവസത്തോടടുക്കുന്ന കൂടംകുളം ആണവ നിലയവിരുദ്ധ സമരത്തോടനുബന്ധിച്ച് തമിഴ്‌നാട് തീരത്ത് പടര്‍ത്തിയ പ്രതിഷേധം വോട്ടാക്കി പെട്ടിയിലെത്തിക്കുകയാണ് സമര നായകന്‍ ഡോ. എസ് പി ഉദയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. സമരത്തിനിടെ ഭരണകൂട ഭീഷണിയെ തുടര്‍ന്ന് കൂടംകുളത്ത് തന്നെ ഒളിവില്‍ കഴിയുകയായിരുന്ന ഉദയകുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായാണ് പുറത്തുവന്നത്. നേരത്തെ ജീവന്‍ ഭീഷണി നേരിട്ടിരുന്ന ഉദയകുമാറിന് തിരഞ്ഞെടുപ്പ് കാലം സ്വാതന്ത്ര്യത്തിന്റെതാണ്.
ഇരുപതിന കരാറുമായാണ് അമ്പത്തിയഞ്ചുകാരനായ ഡോ. ഉദയകുമാര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഇരു ദ്രാവിഡ കക്ഷികളുടെയും ദേശീയ കക്ഷികളുടെയും വഞ്ചനാപരമായ സമീപനങ്ങളില്‍ മനം മടുത്ത തമിഴ്‌നാട്ടിലെ തീര ജനത തന്നെ തിരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ഉദയകുമാറിന് സന്ദേഹമൊന്നുമില്ല. ഇംഗ്ലീഷിലും ഇതര വിഷയങ്ങളിലും ബിരുദാനന്തര ബിരുദം നേടിയ പാവങ്ങളുടെ ഈ സമര നായകന്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ വിദേശ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം 25 വിദേശ രാജ്യങ്ങളില്‍ നടന്ന രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധമവതരിപ്പിച്ച് സംസാരിച്ചിട്ടുണ്ട്.
കുളച്ചല്‍, കന്യാകുമാരി, കിള്ളിയൂര്‍, നാഗര്‍കോവില്‍, പത്മനാഭപുരം, വിളവന്‍കോട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കന്യാകുമാരിയില്‍ തീരദേശ മണ്ഡലങ്ങളായ കന്യാകുമാരി, കുളച്ചല്‍, കിള്ളിയൂര്‍ നാഗര്‍ കോവില്‍ എന്നീ മണ്ഡലങ്ങളിലാണ് ഉദയകുമാറും ആം ആദ്മിയും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതില്‍ കിള്ളിയൂര്‍ കേരളത്തോട് അടുത്തു കിടക്കുന്ന മണ്ഡലമാണ്. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളില്‍ മൂന്നിലൊന്നും താമസിക്കുന്നത് കന്യാകുമാരി ജില്ലയിലാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ തന്നെയാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയവും.
ആകെ 14,62442 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 7.39.328 പേര്‍ പുരുഷന്മാരും, 7.23.044 പേര്‍ സ്ത്രീകളുമാണ്. ഭിന്ന വിഭാഗത്തില്‍ പെട്ട എഴുപത് വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest