Connect with us

Ongoing News

നഗരങ്ങളിലെ പട്രോളിംഗിന് ഇനി അശ്വാരൂഢ സേനയും

Published

|

Last Updated

തിരുവനന്തപുരം: ഗുണ്ടാ ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരായ നടപടിയുടെ ഭാഗമായി രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നഗരങ്ങളില്‍ അശ്വാരൂഢ സേനയുടെ പട്രോളിംഗ് തുടങ്ങും. തിരുവനന്തപുരത്താണ് ആദ്യ ഘട്ടം നടപ്പാക്കുന്നത്. ഇതിനായി 15 കുതിരകളെ വാങ്ങും. ഗുരുതര കേസുകളില്‍ പ്രതികളായവരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവരെ വെറുതെ വിടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന സി പി എം പ്രസ്താവനകള്‍ പുറത്തുവരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത്തില്‍ നിന്നുണ്ടാകുന്നതാണ്. കുടുംബങ്ങളിലെ ശൈഥില്യത്തെ തുടര്‍ന്നുണ്ടായ ദാരുണമായ സംഭവങ്ങളെ ചൂണ്ടിക്കാട്ടിയാണ് സി പി എം പ്രസ്താവന. എന്നാല്‍ ഈ സംഭവങ്ങളിലെല്ലാം പോലീസ് സത്വര നടപടി സ്വീകരിച്ചിട്ടുണ്ട്. പോലീസിന്റെ നടപടിയെ അംഗീകരിക്കുന്നതിനു പകരം വിമര്‍ശിക്കുന്നത് ശരിയല്ല.
കേരളത്തിലെ മികച്ച ക്രമസമാധാനപാലനത്തിന്റെ പ്രതിഫലനമാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. വലിയ സംഘര്‍ഷമോ പ്രശ്‌നങ്ങളോ ഇല്ലാതെ സുരക്ഷയൊരുക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യം കൂടുതല്‍ പക്വ മായെന്നതിനു തെളിവാണിത്. സാമൂഹികവിരുദ്ധര്‍, ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങള്‍ എന്നിവരെ അടിച്ചമര്‍ത്താനുള്ള പോലീസ് നടപടി തിരഞ്ഞെടുപ്പിനെ സമാധാനപരമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം, പള്ളുരുത്തിയിലെ സിന്ധു വധം, എഴുകോണിലെ ശ്രീരാജ് കൊലപാതകം, കടുത്തുരുത്തിയിലെ ജോസഫ് വധം എന്നിവയിലെല്ലാം പ്രതികളെ പിടികൂടി. കോതമംഗലത്ത് കലേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതിനൊപ്പം പ്രധാന പ്രതി പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ജനുവരി മുതല്‍ കേരളത്തില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. തിരുവനന്തപുരത്തെ അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്, തിരൂരില്‍ ബാലികയെ പീഡിപ്പിച്ച കേസ്, ബിജു രാധാകൃഷ്ണന്‍ പ്രതിയായ രശ്മി കൊലപാതക കേസ്, ഇരിട്ടി സൈനുദ്ദീന്‍ വധം, സൂര്യനെല്ലി കേസ്, എറണാകുളം വിദ്യാധരന്‍ വധക്കേസ് എന്നിവകളില്‍ പ്രതികളെ ശിക്ഷിക്കന്‍ സാധിച്ചുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Latest