Connect with us

Gulf

യു എ ഇയില്‍ 1.9 ശതമാനം പണപ്പെരുപ്പം സംഭവിച്ചതായി എന്‍ ബി എസ്‌

Published

|

Last Updated

ദുബൈ: രാജ്യത്ത് 1.9 ശതമാനം പണപ്പെരുപ്പം സംഭവിച്ചതായി എന്‍ ബി എസ് (നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്) വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ 1.8 ശതമാനം ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ വീണ്ടും 1.9 ആയി ഉയരുകയായിരുന്നു.
2013ല്‍ 0.13 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പ നിരക്ക്. 2014ന്റെ ആദ്യ മൂന്ന് മാസങ്ങള്‍ക്കിടയില്‍ 2.59 ആയാണ് ഉയര്‍ന്നരിക്കുന്നത്.
ദുബൈയില്‍ പണപ്പെരുപ്പതോത് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കെട്ടിടവാടകയില്‍ സംഭവിച്ച വന്‍ ഉയര്‍ച്ചയാണ്. ഇതിലൂടെ മാത്രം ഉപഭോക്താവിന് 39 ശതമാനം അധിക ചെലവാണ് നേരിട്ടിരിക്കുന്നത്. 2013 മാര്‍ച്ചില്‍ 2.4 ശതമാനം മാത്രം ഉയര്‍ച്ച ഉണ്ടായിടത്താണ് ഒരു വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍, ശീതള പാനീയങ്ങള്‍ എന്നിവക്ക് 14 ശതമാനം വര്‍ധനവാണ് ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. 2013 ഇതേ കാലയളവിനെ അപേക്ഷിച്ചാണിത്.
രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെട്ടിട വാടകയാണ് ദുബൈയില്‍ ഏറ്റവും അധികം വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് മേഖലകളില്‍ ഇതര എമിറേറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദുബൈയിലെ വിലവര്‍ധനവ് കുറവാണെന്നാണ് ബോധ്യപ്പെട്ടതെന്നും എന്‍ ബി എസ് അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം, വിലസൂചികയിലും ദുബൈയാണ് മുന്നിലെന്നാണ് ബേങ്കിംഗ് സ്ഥാപനമായ എമിറേറ്റ്‌സ് എന്‍ ബി ഡി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. മറ്റ് എമിറേറ്റുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് മൂന്നു ശതമാനം വരെ വിലവര്‍ധിച്ചപ്പോള്‍ ദുബൈയില്‍ രണ്ടു ശതമാനം മാത്രമാണ് വര്‍ധനവെന്ന് എന്‍ ബി ഡി യുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഗവേഷണ വിഭാഗം ഹെഡ് ഖദീജ ഹഖ് വെളിപ്പെടുത്തി.
ദുബൈയില്‍ ഓരോ വര്‍ഷവും കെട്ടിടവാടക കുതിക്കുകയാണ്. ഉപഭോക്താക്കള്‍ വരുമാനത്തിന്റെ 44 ശതമാനത്തോളം വാടക നല്‍കാന്‍ മാറ്റിവെക്കേണ്ട സ്ഥിതിയാണ്. ഉപഭോക്തൃ ചെലവായി. 2013 മാര്‍ച്ചിനെ അപേക്ഷിച്ച് 2014 മാര്‍ച്ചില്‍ 4.8 ശതമാനം അധിക തുക വേണ്ടിവന്നു.
2013ന്റെ 11 മാസങ്ങളിലും നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലും വില ഉയരുന്നതിനാണ് കമ്പോളം സാക്ഷ്യം വഹിച്ചതെന്ന് എച്ച് എസ് ബി ഡി മിഡില്‍ ഈസ്റ്റ് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സൈമണ്‍ വില്യംസ് വ്യക്തമാക്കി.

Latest