ഉമ്മന്‍ ചാണ്ടിയും സുധീരനും പ്രചാരണത്തിന് തമിഴ്‌നാട്ടിലേക്ക്

    Posted on: April 18, 2014 6:00 am | Last updated: April 17, 2014 at 11:20 pm

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തമിഴ്‌നാട്ടിലെ പ്രചാരണ പരിപാടികളില്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍, മന്ത്രി വി എസ് ശിവകുമാര്‍ എന്നിവരാണ് തമിഴ്‌നാട്ടില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്.
    ഇന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരം, മേല്‍പ്രം, നാഗര്‍കോവിലിലെ രാമന്‍പുത്തൂര്‍ എന്നിവിടങ്ങളിലാണ് രമേശ് ചെന്നിത്തലയുടെ പര്യടനം. വൈകുന്നേരം അഞ്ചിന് മേല്‍പ്രത്തും ആറിന് കുലശേഖരത്തും ഏഴ് മണിക്ക് നാഗര്‍കോവിലിലെ രാമന്‍പുത്തൂരുമാണ് ചെന്നിത്തലയുടെ പരിപാടികള്‍. കന്യാകുമാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച് വസന്തകുമാറിന് വേണ്ടിയാണ് ആഭ്യന്തര മന്ത്രി പ്രചാരണത്തിനിറങ്ങുന്നത്.
    ശനിയാഴ്ച തമിഴ്‌നാട്ടിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുലശേഖരത്തും മാര്‍ത്താണ്ഡത്തും നിദ്രവിളയിലും പര്യടന പരിപാടികളില്‍ പങ്കെടുക്കും. കെ പി സി സി പ്രസിഡന്റും അതേദിവസം തമിഴ്‌നാട്ടില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കൊല്ലങ്കോട്, അരുമന എന്നിവിടങ്ങളില്‍ വി എം സുധീരന്‍ പ്രസംഗിക്കും.
    21ന് മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി വി എസ് ശിവകുമാറും വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് മണ്‍ഡേ മാര്‍ക്കറ്റിലും ഏഴിന് കരിങ്കലിലുമാണ് ഇരുവര്‍ക്കും പരിപാടികള്‍. കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ 21ന് തിരുവിതാംകോട്, തേങ്കാപ്പട്ടണം എന്നിവിടങ്ങളില്‍ നടക്കുന്ന പര്യടന പരിപാടികളില്‍ പങ്കെടുക്കും.