ജില്ലയില്‍ ഏക്കര്‍ കണക്കിന് പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നു

Posted on: April 18, 2014 6:00 am | Last updated: April 17, 2014 at 10:06 pm

പട്ടാമ്പി: പാടങ്ങളെല്ലാം മണ്ണിട്ടു നികത്തി കെട്ടിട നിര്‍മാണം തകൃതി. മേഖലയില്‍ ഏക്കര്‍ കണക്കിന് പാടങ്ങളാണ് മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. പട്ടാമ്പി ടൗണിന്റെ വടക്കു ഭാഗത്തെ പാടങ്ങള്‍ പൂര്‍ണമായും നികത്തിക്കഴിഞ്ഞു.
അടുത്ത തവണ ഇവിടെ നെല്‍കൃഷി നടത്താന്‍ പറ്റാത്ത വിഷമത്തിലാണ് അവശേഷിക്കുന്ന സ്ഥല ഉടമകള്‍. പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ് സമുച്ചയത്തില്‍ നിന്നും പെരുമുടിയൂര്‍ ഗെയ്റ്റിലേക്ക് പോകുന്ന ബൈപ്പാസ് റോഡ് പരിസരത്തെ നെല്‍പ്പാടം ഇനി ഓര്‍മയാകും. ഇവിടെ ബൈപ്പാസ് റോഡ്കൂടി വന്നതോടെ പാടങ്ങള്‍ പൂര്‍ണമായും നികത്തി വീട് പണിയും കോര്‍ട്ടേഴ്‌സ് നിര്‍മാണവും തകൃതിയിലാണ്. പാടം മണ്ണിട്ട് നികത്തി മുറിച്ച് വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ഭൂമാഫിയ. കൃഷിപ്പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ മുഷ്ടി ചുരുട്ടുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് ഇവിടെ വീട് പണിതവരില്‍ കൂടുതല്‍ പേരുമെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടാമ്പി കാര്‍ഷിക കേന്ദ്രത്തിന്റെ കൃഷിസ്ഥലം മാത്രമാണ് ഇനി ഇവിടെ അവശേഷിക്കുന്നത്.
ഓങ്ങല്ലൂരില്‍ പാടം നികത്തി കെട്ടിട നിര്‍മാണമാണ് നടക്കുന്നത്. പാലക്കാട് പാതയോരത്തെ കൃഷിസ്ഥലങ്ങള്‍ ഇനി കാണാനൊക്കില്ല. പള്ളിപ്പുറം റോഡില്‍ കൊടുമുണ്ട ഭാഗത്തെ വിശാലമായ നെല്‍കൃഷിപാടം കടുത്ത വേനലിലും കാണാന്‍ ഹരിതാഭമായിരുന്നു. പുഞ്ച കൃഷി ചെയ്തിരുന്ന നിളയോരത്തെ പാടം ഇപ്പോള്‍ ഇഷ്ടികക്കളങ്ങള്‍ക്ക് വഴിമാറി. ഇവിടെ വാഴ, തെങ്ങ് കൃഷികളും സജീവമാണ്. ‘ഭാരതപ്പുഴയോരത്തെ പ്രകൃതി രമണീയമായ പാടത്തിന്റെ പച്ചപ്പ് ഇനി കഥകളിലും കവിതകളിലും മാത്രമായി ഒതുങ്ങും. പുഴയോരത്തെ നെല്‍പ്പാടങ്ങളെല്ലാം പൂര്‍ണമായും നികത്തിക്കഴിഞ്ഞു. കൊപ്പം മേഖലയിലും പാടങ്ങള്‍ നികത്തല്‍ സജീവമാണ്. വിളയൂരിലും കുലുക്കല്ലൂരിലും തിരുവേഗപ്പുറയിലും നെല്‍കൃഷി ഓര്‍മയിലേക്ക് മറയുകയാണ്.
ഗ്രാമീണ മേഖലകളില്‍ പോലും നെല്‍പ്പാടങ്ങള്‍ കെട്ടിടനിര്‍മാണത്തിനും തെങ്ങ്, റബര്‍ കൃഷികള്‍ക്കും നികത്തിക്കഴിഞ്ഞു. പാടങ്ങള്‍ ചുളുവിലക്ക് വാങ്ങി മാഫിയ വലിയ വിലക്ക് മറിച്ചു വില്‍ക്കുകയാണ്. പാടം നികത്തി പാര്‍ട്ടി ഓഫീസുകള്‍ പണിയുന്നതായും പരാതിയുണ്ട്. കൊപ്പം പഞ്ചായത്തില്‍ നൂറ്റാണ്ടുകളോളം പഴക്കമുള്ള പപ്പടപ്പടിയിലെ നെല്‍പ്പാടങ്ങളില്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ ഇടുതറയില്‍ പാടം നികത്തുന്നതിനെതിരെ നാട്ടുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മുളയംകാവ്- പേങ്ങാട്ടിരി റോഡില്‍ പാടം നികത്തുന്നത് താത്കാലികമായി കോടതി തടഞ്ഞതോടെ കര്‍ഷകര്‍ക്ക് ചെറിയതോതില്‍ ആശ്വസിക്കാം. നെല്‍കൃഷി നടത്തുന്നത് ലാഭകരമല്ലെന്ന് കണ്ടാണ് പലരും പാടം മുറിച്ച് വില്‍ക്കുന്നത്.
എന്നാല്‍ അവശേഷിക്കുന്ന കൃഷിസ്ഥലത്ത് നെല്‍കൃഷി നടത്താനാകാത്ത വിഷമത്തിലാണ് കര്‍ഷകര്‍. ഒന്നാം വിള നടത്താനുള്ള സമയമായതിനാല്‍ പലസ്ഥലങ്ങളിലും നെല്‍കൃഷിയിറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ നട്ടം തിരിയുമ്പോള്‍, ഭൂമാഫിയകള്‍ക്കെതിരെ വിരലനക്കാന്‍ പോലുമാകാതെ അധികൃതര്‍ നിസംഗത കാണിക്കുകയാണ്.