Connect with us

Editorial

ബിര്‍ളക്കും പരേഖിനും രണ്ട് നീതി!

Published

|

Last Updated

പാര്‍ട്ടി ഫണ്ടുകളിലേക്ക് കൈയയച്ചു സംഭാവന നല്‍കിയതിന് പ്രമുഖ വ്യവസായിയും ആദിത്യ ബിര്‍ള ഗ്രൂപ്പ് തലവനുമായ കുമാര്‍ മംഗലം ബിര്‍ളക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യുപകാരം; കല്‍ക്കരി കുംഭകോണ കേസില്‍ സി ബി ഐ അദ്ദേഹത്തെ ചോദ്യം ചെയ്യില്ല. കുമാര്‍ മംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ അലൂമിനിയം കമ്പനിക്ക് ഒഡിഷയിലെ തലബിരയില്‍ രണ്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് സി ബി ഐ കണ്ടെത്തിയതാണ്. ഇതടിസ്ഥാനത്തില്‍ ബിര്‍ളക്കും ഹിന്‍ഡാല്‍കോ കമ്പനിക്കും കമ്പനിക്ക് അനധികൃതമായി പാടങ്ങള്‍ അനുവദിക്കുന്നതിന് കരുനീക്കങ്ങള്‍ നടത്തിയ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖിനുമെതിരെ സി ബി ഐ കേസെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് ബിര്‍ള ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ കഴിഞ്ഞ ഒക്ടോബര്‍ 16ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതാണ്. ക്രിമിനല്‍ ഗുഢാലോചന, അഴിമതി, വഞ്ചന, ധനദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് കല്‍ക്കരി കുംഭകോണക്കേസില്‍ സി ബി ഐ റജിസ്റ്റര്‍ ചെയ്ത ഈ പതിനാലാമത്തെ കേസില്‍ ബിര്‍ലക്കെതിരെ ചുമത്തിയത്. കേസില്‍ ചോദ്യം ചെയ്യാന്‍ ബിര്‍ളയെ വിളിപ്പിക്കുമെന്ന് അന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ പരേഖിനെ ചോദ്യം ചെയ്യാനും ബിര്‍ളയെ ഒഴിവാക്കാനുമാണ് സി ബി ഐ യുടെ ഏറ്റവും പുതിയ തീരുമാനമത്രെ.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് സി ബി ഐക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും ഈ അന്വേഷണ ഏജന്‍സി ഇപ്പോഴും കൂട്ടിലടച്ച തത്ത തന്നെയെന്നാണ് അഴിമതിക്കേസില്‍ നിന്ന് ബിര്‍ളയെ ഒഴിവാക്കാനുള്ള തീരുമാനം കാണിക്കുന്നത്. സര്‍ക്കാറിന്റെ താത്പര്യങ്ങളെ മറികടന്നു സ്വതന്ത്രമായി കേസുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും തന്റേടവും സി ബി ഐക്ക് ഇന്നും അപ്രാപ്യമാണ്. ബിര്‍ളയെ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സര്‍ക്കാറിന്റെ സമ്മര്‍ദമാണെന്ന് വ്യക്തം. ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിനെ ന്യായീകരിച്ചുകൊണ്ട് പ്രധാന മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിന്റെ സാഹചര്യവും അതാണ്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതെന്നും തീര്‍ത്തും ഉചിതമായിരുന്നു പ്രസ്തുത നടപടിയെന്നുമാണ് പ്രസ്താവനയിലെ അവകാശവാദം.
എന്നാല്‍ പാടങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ഹിന്‍ഡാല്‍കോ കമ്പനി പാലിച്ചിട്ടില്ലെന്നാണ് സി ബി ഐ സമര്‍പ്പിച്ച എഫ ്‌ഐ ആറില്‍ രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ തലത്തില്‍ കമ്പനിക്ക് അനുകൂലമായി കാര്യങ്ങള്‍ നീങ്ങിയതോടെയാണ് പാടങ്ങള്‍ ലഭ്യമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാറും ബിര്‍ളയും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ തേടി ബിര്‍ളയുടെ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങി ആറ് കേന്ദ്രങ്ങളില്‍ സി ബി ഐ സംഘം റെയ്ഡ് നടത്തുകയും ആവശ്യമായ രേഖകള്‍ കണ്ടെത്തുകയുമുണ്ടായി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മഹാനദി കല്‍ക്കരിപാടങ്ങള്‍ക്കും നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനും വകയിരുത്തിയ ബ്ലോക്കുകളാണ് ഒടുവില്‍ ഹിന്‍ഡാല്‍കോക്ക് അനധികൃതമായി അനുവദിച്ചത്.
ബിര്‍ള, റിലയന്‍സ് തുടങ്ങിയ കോര്‍പറേറ്റ് ഭീമന്മാരും മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അവിഹിത ബന്ധം ഇന്നൊരു രഹസ്യമല്ല. നിയമവിധേയമല്ലാത്ത തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കന്‍ സന്നദ്ധരാകുന്ന പാര്‍ട്ടികള്‍ക്ക് വന്‍തോതിലുള്ള സഹായമാണ് ഇവര്‍ നല്‍കി വരുന്നത്. തിരഞ്ഞെടുപ്പില്‍ ഏത് കക്ഷിക്കാണ് വിജയ സാധ്യതയെന്ന് കണ്ടെത്താനായി സ്വന്തം നിലയില്‍ നടത്തുന്ന സര്‍വേ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് സംഭാവനകളുടെ തോത് നിശ്ചയിക്കുന്നത്. കോണ്‍ഗ്രസിനാണ് മുന്‍തുക്കമെന്ന് സര്‍വേ ഫലം കാണിച്ച 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്കാണ് കോര്‍പറേറ്റുകള്‍ കൂടുതല്‍ സംഭാവന നല്‍കിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്റ് നാഷനല്‍ റിഫോംസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂട്ടത്തില്‍ ബിര്‍ളയാണ് കൂടുതല്‍ സംഭാവന നല്‍കിയതെന്നും പഠനം കാണിക്കുന്നു. ഇതിനുള്ള പ്രത്യുപകാരമാണ് അര്‍ഹതയില്ലാതിരുന്നിട്ടും ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ച നടപടി. ബി ജെ പിക്കും വന്‍തോതില്‍ സംഭാവന ലഭിക്കുന്നത് കൊണ്ട്, ബിര്‍ളയെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള യു പി എ സര്‍ക്കാര്‍ നീക്കത്തില്‍ അവരുടെ ഭാഗത്ത് നിന്നും പ്രതിഷേധത്തിന്റെ സ്വരമുയരുന്നില്ല. രാജ്യത്ത് അഴിമതി തഴച്ചു വളരുന്നതിനുള്ള മുഖ്യകാരണം രാഷ്ട്രീയ പാര്‍ട്ടികളും വ്യവസായ പ്രമുഖരും തമ്മിലുള്ള ഇത്തരം വഴിവിട്ട ബന്ധങ്ങളാണ്. പണമൊഴുക്കി തിരഞ്ഞെടുപ്പില്‍ വിജയം നേടുന്ന നിലവിലെ പ്രവണതക്ക് മാറ്റം വരാത്ത കാലത്തോളം അഴിമതി തുടച്ചുനീക്കാനും സാധാരണക്കാര്‍ക്കും കുത്തകകള്‍ക്കും രണ്ട് നീതി കല്‍പിച്ചരുളുന്ന പ്രവണത അവസാനിപ്പിക്കാനും സാധ്യമല്ല.