Connect with us

International

ഉക്രൈനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരില്ലെന്ന് പുടിന്‍

Published

|

Last Updated

മോസ്‌കോ: റഷ്യന്‍ സൈന്യം ഉക്രൈയിനില്‍ അസ്ഥിരത സൃഷ്ടിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ തള്ളിക്കളഞ്ഞു. അതേസമയം, ക്രീമിയയെ കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് ഉക്രൈനിലെ ക്രിമിയന്‍ പ്രദേശത്ത് വ്യത്യസ്തമായ യൂനിഫോമില്‍ കണ്ടവര്‍ റഷ്യന്‍ സൈനികരായിരുന്നുവെന്ന് അദ്ദേഹം ഇതാദ്യമായി സമ്മതിക്കുകയും ചെയ്തു.
ശീത സമരം ആരംഭിച്ചതുമുതല്‍ കിഴക്കന്‍- പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് നയതന്ത്രപരവും രാഷ്ട്രീയപരവുമായ പരിഹാരം കാണാന്‍ കഴിയും. ഇപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളില്‍ അസ്വസ്ഥമായ ക്രീമിയയിലേക്ക് സൈന്യത്തെ അയക്കേണ്ടി വരില്ലെന്നും ഒരു ടി വി ചാനലിന് നല്‍കിയ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. ഉക്രൈനിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കുന്ന തരത്തിലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രവര്‍ത്തനത്തെ അദ്ദേഹം അതിശക്തമായി വിമര്‍ശിച്ചു. തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നിരസിക്കുന്ന കീവിലെ ഭരണാധികാരികള്‍ക്കെതിരെ കിഴക്കന്‍ ഉക്രൈനിലെ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയെന്നും ഇവിടെ റഷ്യയുടെ പ്രത്യേക സൈനിക വിഭാഗവും നിര്‍ദേശകരും ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ക്രീമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് ഉക്രൈന്‍ പ്രദേശങ്ങളില്‍ കണ്ടിരുന്ന പ്രത്യേക യൂനിഫോം ധാരികള്‍ റഷ്യയുടെ സൈനികരായിരുന്നുവെന്നും അവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കാന്‍ ഇവരുടെ സാന്നിധ്യം അവിടെ അനിവാര്യമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വളരെ പ്രസക്തമാണെന്നും നിലവില്‍ നാം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കാന്‍ സമയമായിരിക്കുകയാണെന്നും ഇതുവഴി ജനങ്ങള്‍ക്ക് നല്ലൊരു ഫലം നല്‍കാന്‍ കഴിയുമെന്നും പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, കിഴക്കന്‍ ഉക്രൈനിലെ ചില പ്രദേശങ്ങള്‍ ചരിത്രപരമായി തന്നെ റഷ്യയുടെ ഭാഗമായിരുന്നുവെന്നും ഇതിന്റെ പേര് നോവോറോസിയ എന്നായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.