സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് ഓഡിറ്റിംഗ് നടത്താം

Posted on: April 17, 2014 2:12 pm | Last updated: April 18, 2014 at 7:44 am

supreme courtന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് പരിശോധന നടത്താമെന്ന് സുപ്രീംകോടതി. സിഎജിക്ക് ഓഡിറ്റിംഗ് നടത്താമെന്ന ഡല്‍ഹി ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. അസോസിയേഷന്‍ ഓഫ് യൂണിഫൈഡ് ടെലികോം സര്‍വീസസ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നായിരുന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കമ്പനികളില്‍ നിന്നും ഫീസിനത്തില്‍ ലഭിക്കുന്ന തുക ശരിയാണോ എന്ന് പരിശോധിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ടുകള്‍ കമ്പനികള്‍ സൂക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ധനകാര്യ കണക്കുകള്‍ സിഎജിക്ക് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കോടതി ഈ വാദങ്ങളെ നിരാകരിച്ച് കൊണ്ടാണ് സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് പരിശോധനകള്‍ നടത്താന്‍ അവകാശമുണ്ടെന്ന് വിധി പുറപ്പെടുവിച്ചത്.