ഗാരത് ബെയ്‌ലിയുടെ ഗോളില്‍ റയലിന് സ്പാനിഷ് കിംഗ്‌സ് കപ്പ്

Posted on: April 17, 2014 8:24 am | Last updated: April 17, 2014 at 10:08 am

kings cup

എസ്റ്റേഡിയോ മാസ്‌റ്റെല്ല: അവസാന നിമിഷത്തില്‍ വെയ്ല്‍സ് താരം ഗാരത് ബെയ്ല്‍ നേടിയ വിജയഗോളില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം ചൂടി. വലന്‍സിയയുടെ സ്വന്തം മൈതാനമായ എസ്റ്റേഡിയോ മസ്റ്റല്ലെയില്‍ നടന്ന് ഫൈനലില്‍ 2-1നാണ് ബാഴ്‌സയെ റയല്‍ തോല്‍പ്പിച്ചത്. സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മുട്ടിനേറ്റ പരുക്ക് ഭേദമാവാത്തതിനാല്‍ ഇന്നലെയും ഇറങ്ങിയില്ല. മറുവശത്ത് ബാഴ്‌സയുടെ സൂപ്പര്‍ താരം ലിയോ മെസ്സി നിറംമങ്ങി.

bale

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റയല്‍ തന്നെയാണ് ആദ്യഗോള്‍ നേടിയത്. പതിനൊന്നാം മിനുട്ടില്‍ അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയിലൂടെ മാഡ്രിഡ് മുന്നിലെത്തി. മരിയയുടെ ശക്തമായ ഇടങ്കാലനടിയിലൂടെയാണ് ഗോള്‍ പിറന്നത്. ബാഴ്‌സയുടെ ജോര്‍ഡി ആല്‍ബയെയും പിന്റോയെയും കാഴ്ച്ചക്കാരായി നിര്‍ത്തിയാണ് ഡി മരിയയുടെ ഗോള്‍.

68ാം മിനുട്ടില്‍ ബാഴ്‌സ ഗോള്‍ മടക്കി. ബാര്‍ട്രയിലൂടെയാണ് ബാഴ്‌സ കളി സമനിലയിലാക്കിയത്. ബാര്‍ട്രയുടെ ഹെഡ്ഡര്‍ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് 85ാം മിനുട്ടിലായിരുന്നു ബെയ്‌ലി റയലിന്റെ വിജയഗോള്‍ വലയിലാക്കിയത്. എതിര്‍ കളിക്കാരന്റെ ബഹുദൂരം മുന്നിലേക്ക് പന്ത് തട്ടി അത് അതിവേഗത്തില്‍ ഓടിയെടുത്ത് ഒറ്റക്ക് കൊണ്ടുപോയാണ് ബെയ്‌ലി ഗോള്‍ നേടിയത്. ഈ സീസണിലെ തന്നെ ഉജ്ജ്വല ഗോളായിരുന്നു ബെയ്‌ലിയുടെ ബൂട്ടില്‍ നിന്നും പിറന്നത്.