ഫലം എതിരായാല്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം അറിയില്ല: മുഖ്യമന്ത്രി

Posted on: April 17, 2014 12:30 am | Last updated: April 16, 2014 at 11:31 pm

oommen chandyതിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം അനുകൂലമായില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ കുറിച്ച് പത്രങ്ങളില്‍ വായിച്ച അറിവ് മാത്രമാണ് തനിക്കുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നല്ല, മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭയില്‍ മാറ്റം വരുന്നതിന് യു ഡി എഫിലും കോണ്‍ഗ്രസിലും ചര്‍ച്ച നടത്തേണ്ടതുണ്ട്. ഹൈക്കമാന്‍ഡിന്റെ അനുമതിയും വേണം. ചില ദൃശ്യ മാധ്യമങ്ങളുടെത് അടക്കമുള്ള സര്‍വേ ഫലങ്ങള്‍ കാര്യമാക്കുന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി എഴുതിയ പുസ്തകം മന്‍മോഹന്‍ സിംഗിനെ വിലയിടിച്ചു കാട്ടാനാണെന്നും പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. അദ്ദേഹം ഏറ്റവും ഉന്നതമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയാണ്. 70,000 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം മുഖേന കേരളത്തിലെത്തിയത്. മലയാള ഭാഷക്ക് ക്ലാസിക്കല്‍ പദവി ലഭിക്കുന്നതു പോലും മന്‍മോഹന്‍ സിംഗ് വ്യക്തിപരമായി നടത്തിയ ഇടപെടല്‍ കൊണ്ടാണെന്നത് വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.