ഉത്സവപ്പറമ്പില്‍ നിന്ന് ദേശീയ അവാര്‍ഡിലേക്ക്

Posted on: April 17, 2014 12:11 am | Last updated: April 16, 2014 at 11:11 pm

തിരുവനന്തപുരം: ഉത്സവപ്പറമ്പിലെ മിമിക്രി വേദിയില്‍ നിന്ന് ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. ചലച്ചിത്ര അവാര്‍ഡുകള്‍ സൂപ്പര്‍താരങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടിരുന്ന കാലം കഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് സുരാജിനെ തേടിയെത്തിയ ദേശീയ അവാര്‍ഡ്. സിനിമയിലെ തിരുവനന്തപുരം ശൈലിയാണ് സുരാജിന്റെ സിംബല്‍.
ജ്യേഷ്ഠന്‍ സജിയുടെ മിമിക്രി പ്രോഗ്രാമുകളായിരുന്നു മിമിക്രിയിലേക്കുള്ള വരവിന്റെ പ്രചോദനം. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് സജി സൈന്യത്തില്‍ ചേര്‍ന്നതോടെ മിമിക്രി ട്രൂപ്പിന്റെ ചുമതല സുരാജിനായി. പിന്നെ 16 വര്‍ഷക്കാലം മിമിക്രി വേദിയില്‍. മിമിക്രി വേദികളില്‍ നിന്ന് ടെലിവിഷന്‍ അവതാരകനായാണ് ആദ്യം വേഷം മാറിയത്. ജനപ്രിയ ടി വി ഷോകളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത് മെല്ലെ സിനിമയിലേക്കെത്തി. രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ സംഭാഷണ സഹായിയായിക്കൂടി. ഇതില്‍ മുഴുവന്‍ സമയം ഒപ്പം നിന്ന് സിനിമയെ അടുത്തറിഞ്ഞു. ഷാഫിയുടെ മായാവി വഴിത്തിരിവായി. പല സിനിമകളിലും കോമാളിത്തമുള്ള വേഷങ്ങളായിരുന്നു. അതിനിടയിലും സ്വഭാവനടനായും നായക വേഷങ്ങളിലും സുരാജ് മികവു തെളിയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ‘ജഗപൊക’ എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയരംഗത്തെത്തിയത്. അതിനുമുന്‍പ് അഭിനയിച്ച മുകേഷ് ചിത്രമായ ‘തെന്നാലി രാമന്‍’ പുറത്തിറങ്ങിയില്ല. മിമിക്രി കലാകാരന്മാരെ അണിനിരത്തി നിര്‍മിച്ച ചിത്രത്തില്‍ ഡബിള്‍ റോളായിരുന്നു സുരാജിന്. പാച്ചു എന്ന മിമിക്രി കലാകാരനായും മമ്മൂട്ടിയുടെ ദാദാസാഹിബായും സുരാജ് തിളങ്ങി. തെക്കന്‍ കേരളത്തിന്റെ ഭാഷ അവതരിപ്പിച്ച ‘കുടിയന്‍’ വേദികള്‍ കീഴടക്കിയതോടെ സുരാജ് മെഗാഷോകളിലെ താരമായി. തുടര്‍ന്ന് 2005ല്‍ പുറത്തിറങ്ങിയ ‘രാജമാണിക്ക’ത്തില്‍ മമ്മൂട്ടിക്ക് സുരാജ് ഭാഷാഗുരുവായി.
സേതുരാമയ്യര്‍ സിബിഐ, രസതന്ത്രം, തുറുപ്പുഗുലാന്‍, കനകസിംഹാസനം, കഥ പറയുമ്പോള്‍, അറബിക്കഥ, ഹലോ, മായാവി, വെറുതേ ഒരു ഭാര്യ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളില്‍ ഹാസ്യതാരമായി. 2008 ല്‍ അണ്ണന്‍തമ്പി എന്ന ചിത്രത്തിലെ മുഴുനീളന്‍ കഥാപാത്രം പീതാംബരന്‍ എന്ന ആംബുലന്‍സ് ഡ്രൈവര്‍ മലയാളിയുടെ മനം കീഴടക്കി. പിന്നെ നിരവധി മുഴുനീളന്‍ ഹാസ്യ കഥാപാത്രങ്ങള്‍. ഇതുവരെ 190 സിനിമകളില്‍ അഭിനയിച്ചു.