പാട്ട തര്‍ക്കം: കാഞ്ഞിരപ്പള്ളിയില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

Posted on: April 16, 2014 11:40 am | Last updated: April 18, 2014 at 7:43 am

murderകോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കപ്പാട് മൂന്നാം മൈലില്‍ റബര്‍ സ്ലോട്ടര്‍ ടാപ്പിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചു. ഭാര്യയും മക്കളും ഉള്‍പ്പടെ ആറു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. കപ്പാട് ഞാവള്ളില്‍ ജോസഫ് (ഔസേപ്പച്ചന്‍ 65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യയെയും മക്കളെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോസഫിന്റെ ഭാര്യ ഉഷ, മക്കളായ അപ്പു ജോസഫ്, റിജോ ജോസഫ് എന്നിവര്‍ക്കാണ് കുത്തേറ്റത്. വീട്ടിലെ ജോലിക്കാരനായ ബിജു എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചെമ്മലമറ്റം സ്വദേശി കുട്ടപ്പന്‍ എന്നയാളെ തിടനാട് പോലീസ് അറസ്റ്റു ചെയ്തു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ജോസഫിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. റബര്‍ സ്ലോട്ടര്‍ വെട്ടു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നു പറയുന്നു. മന്ത്രി പി ജെ ജോസഫിന്റെ പിതൃസഹോദരീ പുത്രനാണ് കൊല്ലപ്പെട്ട ജോസഫ്.