Connect with us

Kozhikode

ലിങ്ക് റോഡ് പണി പൂര്‍ത്തിയായി; ഉദ്ഘാടനത്തിന് മൂന്ന് വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു

Published

|

Last Updated

വടകര: പണി പൂര്‍ത്തിയായി മൂന്ന് വര്‍ഷത്തോളമായ ലിങ്ക് റോഡ് ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നു. നഗരസഭ 1980 ല്‍ തുടങ്ങിയ പദ്ധതിയാണിത്. നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമുണ്ടായ ആശയക്കുഴപ്പം പരിഹരിക്കപ്പെടാതെ കിടക്കുന്നതാണ് ഉദ്ഘാടനം നീളാന്‍ കാരണമായത്. ദേശീയപാതയുടെ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇപ്പോള്‍ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡ് ദേശീയപാതയില്‍ ചെന്ന് ചേര്‍ന്നതോടെ ദേശീയപാതയില്‍ ഒന്നര കിലോമീറ്ററിനുള്ളില്‍ മൂന്ന് ജംഗ്ഷനുകള്‍ രൂപപ്പെട്ടു. മറ്റ് രണ്ട് ജംഗ്ഷനുകളിലും നിലവില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഉണ്ട്. ഇതിന് നടുവില്‍ വീണ്ടും സിഗ്‌നല്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ല. ഇത് അപകട ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. നഗരസഭ പലരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനായി പലതവണയായി രൂപരേഖയില്‍ മാറ്റം വരുത്തിയതോടെ കൊടും വളവുകളോടെയാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കാനായത്. ഇതിനകം അഞ്ചര കോടിയില്‍ അധികം ചെലവാക്കി നിര്‍മിച്ച ലിങ്ക് റോഡ് പ്രധാനമായും പട്ടണത്തിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ലിങ്ക് റോഡിന്റെ രണ്ട് ഭാഗത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ടാല്‍ അത് പഴയ ബസ് സ്റ്റാന്‍ഡ് പരിസരം, ബി ഇ എം സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് ഇടയാക്കുമെന്നാണ് പോലീസിന്റെ അഭിപ്രായം. റോഡ് തുറന്നുകൊടുത്താല്‍ പാര്‍ക്കിംഗ് സൗകര്യം നഷ്ടമാകും. ഈ വാഹനങ്ങള്‍ എവിടെയൊക്കെ പാര്‍ക്ക് ചെയ്യുമെന്ന പ്രശ്‌നവും പോലീസിനെ അലട്ടുന്നുണ്ട്. 1977ലെ സര്‍ക്കാര്‍ ചെറുകിട ഇടത്തരം നഗരങ്ങളുടെ വികസനത്തിനായി ആവിഷ്‌കരിച്ച ഐ ഡി എസ് എം പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലിങ്ക് റോഡ് വിഭാവനം ചെയ്തത്.