Connect with us

Wayanad

വിഷു ആഘോഷത്തിരക്കിന്റെ മറവില്‍ മണല്‍ -മദ്യക്കടത്തുകള്‍ വ്യാപകം

Published

|

Last Updated

കാഞ്ഞങ്ങാട്: വിഷു ആഘോഷത്തിരക്കിന്റെ മറവില്‍ മണല്‍-മദ്യക്കടത്തുകള്‍ വ്യാപകമാകുന്നു.
പോലീസിന്റെ ശ്രദ്ധ തിരഞ്ഞെടുപ്പിനു ശേഷവും തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞതോടെയാണ് മണല്‍കടത്ത് സംഘങ്ങളും മദ്യ മാഫിയകളും സജീവമായിരിക്കുന്നത്. പോലീസിനെയും റവന്യൂ അധികൃതരെയും വെല്ലുവിളിച്ചുകൊണ്ട് ലോഡ് കണക്കിന് മണലാണ് കടത്തിക്കൊണ്ടിരിക്കുന്നത്. ഷിറിയ കടവില്‍ നിന്നും പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന പാസിന്റെ മറവില്‍ ദിനംപ്രതി ലക്ഷങ്ങളുടെ മണല്‍ കടത്താണ് നടക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ബില്ലിന്റെ കോപ്പികള്‍ സംഘടിപ്പിച്ച് വന്‍ തോതിലാണ് മണല്‍കൊള്ള നടത്തുന്നത്. ഷിറിയ കടവില്‍ നിന്നും കടല്‍പൂഴിയാണ് പോര്‍ട്ട് അധികൃതര്‍ നല്‍കുന്നത്. കെട്ടിട നിര്‍മാണത്തിന് ഈ പൂഴി ഉപയോഗിക്കരുതെന്നാണ് നിബന്ധന. പൂഴിക്ഷാമം മൂതലെടുത്ത് ഈ നിബന്ധനയും മറികടക്കുകയാണ് ചെയ്യുന്നത്. ഷിറിയ കടവില്‍ നിന്നും പതിനാറോ, പതിനേഴോ ലോഡ് മണല്‍ എടുക്കാനാണ് അനുമതിയുള്ളത്.
എന്നാല്‍ ബില്ലുകളുടെ കോപ്പികള്‍ ഉപയോഗിച്ച് എഴുപതും എണ്‍പതും ലോഡ് മണലുകളാണ് കടത്തുന്നത്. ഓരോ തവണയായി ബില്ലുകളില്‍ കടവിന്റെ സീല്‍ പതിപ്പിച്ച് മണല്‍ കടത്തിയ ശേഷം ഇവ കളയുന്നു. കടവിന് നൂറുവാര അകലെ ഹൈവേ പോലീസ് നിലയുറപ്പിക്കാറുണ്ടെങ്കിലും മണല്‍ കടത്ത് കണ്ടില്ലെന്ന് നടിക്കുകയാണു ചെയ്യുന്നത്. കുമ്പള അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തുന്ന മണലിന് 9000 രൂപ വരെ ഈടാക്കുന്നു. കീഴൂര്‍, പള്ളിക്കര, കടപ്പുറങ്ങളിലും മണില്‍കടത്ത് സജീവമാണ്. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയിലെ വിവിധഭാഗങ്ങളിലേക്ക് മദ്യം കടത്തുന്നതിനു പുറമെ സമാന്തര ബാറുകളും സജീവമാണ്.