പാഴാകുന്ന കേന്ദ്ര ഫണ്ടുകള്‍

Posted on: April 15, 2014 6:00 am | Last updated: April 15, 2014 at 12:05 am

SIRAJ.......കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നും അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്നുമുള്ള മുറവിളിക്കിടെ വിവിധ ഇനങ്ങളില്‍ അനുവദിച്ചു കിട്ടിയ കേന്ദ്ര ഫണ്ടുകള്‍ ചെലവഴിക്കുന്നതില്‍ തികഞ്ഞ ഉദാസീനതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. ആരോഗ്യം, വരള്‍ച്ചാദുരിതാശ്വാസം, ന്യൂനപക്ഷക്ഷേമം, ഭക്ഷ്യധാന്യം തുടങ്ങി വിവിധ മേഖലകളില്‍ കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ യഥാസമയം വിനിയോഗിക്കാതെ കേരളം പാഴാക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ച 77.5 കോടി രൂപയില്‍ 53 കോടി മാത്രമാണ് വിനിയോഗിച്ചത്. 68 ശതമാനം. ബാക്കി 24.5 കോടി രൂപ നഷ്ടപ്പെടുത്തി. മന്ത് രോഗ പ്രതിരോധത്തിനുള്ള 9.45 കോടി രൂപയും ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ നിയന്ത്രണത്തിനുള്ള 1.33 കോടിയും ഡെങ്കി ഗവേഷണത്തിനുള്ള 20 കോടിയും കേരളം പാഴാക്കി. മുന്‍ വര്‍ഷങ്ങളിലും ഇതു തന്നെയായിരുന്നു അവസ്ഥ. 2011-12 വര്‍ഷത്തില്‍ അനുവദിച്ച 321 കോടിയില്‍ 68 ശതമാനമാണ് ചെലവാക്കിയത്. ഇത്രയും തുക വിനിയോഗിച്ചതാകട്ടെ ഏറെയും പരിശീലന പദ്ധതികള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനുമായിരുന്നു.
ആരോഗ്യ മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമഗ്രവികസനവും ലക്ഷ്യമിട്ടു 2006 ല്‍ ആരംഭിച്ച ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് (എന്‍ ആര്‍ എച്ച ്എം) അനുവദിച്ച തുകകള്‍ ഒരൊറ്റ വര്‍ഷവും സംസ്ഥാനം പൂര്‍ണമായി ചെലവഴിച്ചിട്ടില്ല. ആദ്യ വര്‍ഷം 33.92 കോടി ലഭിച്ചതില്‍ 3.19 കോടി മാത്രമാണ് വിനിയോഗിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അനുവദിക്കുന്ന ഫണ്ടില്‍ പ്രയോജനപ്പെടത്തിയത് പകുതിയില്‍ താഴെ മാത്രമായിരുന്നു. സംസ്ഥാത്ത് ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും നിയന്ത്രാണാതീതമായി പടരുകയും, ആവശ്യത്തിന് മരുന്നും മറ്റു സംവിധാനങ്ങളുമില്ലാതെ രോഗികള്‍ പ്രയാസപ്പെടുകയും ചെയ്തപ്പോഴും എന്‍ ആര്‍ എച്ച ്എം തുക ചെലവഴിക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് തികഞ്ഞ ഉദാസീനതയായിരുന്നു. അടുത്ത കാലത്തായി കേരളത്തിലെ ഡെങ്കിപ്പനിബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ ഉയര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 5801 പേര്‍ക്കും 2012-13ല്‍ 8899 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതുമുലം യഥാക്രമം 19 ഉം 76 ഉം പേര്‍ മരിക്കുകയുമുണ്ടായി. സാംക്രമിക രോഗങ്ങള്‍ രൂക്ഷമാകുമ്പോള്‍ ഔദ്യോഗിക തലത്തില്‍ യോഗം ചേര്‍ന്ന് കര്‍മ പദ്ധതികള്‍ തയാറാക്കാറുണ്ടെങ്കിലും കേന്ദ്ര വിഹിതം ഉപയോഗിക്കപ്പെടുത്തി അവ ഫലപ്രദമായി നടപ്പാക്കാറില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കേന്ദ്ര വരള്‍ച്ചാ സഹായത്തില്‍ സംസ്ഥാനം 12.63 കോടി രൂപ പാഴാക്കിയ വിവരം റവന്യൂ മന്ത്രി കെ എം മാണി നിയമസഭയില്‍ അറിയിച്ചതാണ്. മഴക്കെടുതി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും വിലക്കയറ്റ നിയന്ത്രണത്തിനുമായി അധിക വിഹിതമായി ലഭിച്ച എഴുപതിനായിരം ടണ്‍ അരി ഏറ്റെടുക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തി. ഇത് ഏറ്റെടുത്തിരുന്നെങ്കില്‍ കുതിച്ചുയരുന്ന അരിവില ഒരളവോളം പിടിച്ചു നിര്‍ത്താനാകുമായിരുന്നു.
എം പിമാര്‍ക്കുള്ള ഫണ്ട് ഉപയോഗപ്പെടുത്തുന്നതിലും കേരളം കടുത്ത അലംഭാവമാണ് കാണിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അനുവദിച്ച 311.99 കോടി രൂപയില്‍ 242.68 കോടി മാത്രമാണ് കേരള എം പി മാര്‍ ചെലവാക്കിയത്. മുപ്പത് ശതമാനത്തോളം തുക നഷ്ടപ്പെടുത്തി. വലതെന്നോ ഇടതെന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ ഒരംഗവും ഫണ്ട് പൂര്‍ണമായി വിനിയോഗിച്ചിട്ടില്ലെന്നാണ് പഠനം കാണിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കേന്ദ്രം അനുവദിച്ചതിന്റെ പരമാവധി കടമെടുക്കുകയും പദ്ധതി വിഹിതം ഗണ്യമായി വെട്ടിച്ചുരുക്കുകയം ചെയ്തിട്ടും ദൈനംദിന ഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് കേന്ദ്രം അനുവദിച്ച ഫണ്ടുകളും ഭക്ഷ്യധാന്യങ്ങളും പാഴാക്കുന്നതെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അനുവദിക്കുന്ന തുക കാര്യക്ഷമമായും പൂര്‍ണ തോതിലും വിനിയോഗിക്കുമ്പോഴാണ് അടുത്ത വര്‍ഷത്തെ വിഹിതത്തില്‍ വര്‍ധന അനുവദിക്കുന്നത്. മറിച്ചു ഫണ്ടില്‍ കേന്ദ്രം വെട്ടിക്കുറവ് വരുത്തും. കേരളത്തിന്റെ റേഷന്‍ വിഹിതം വന്‍തോതില്‍ കുറയാന്‍ ഇതാണ് കാരണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി വെളിപ്പെടുത്തിയതാണ്.

ALSO READ  കലാലയ രാഷ്ട്രീയത്തില്‍ പുനരാലോചന വേണം