ജനമൈത്രി പോലീസ് മുഖം മിനുക്കുന്നു

Posted on: April 14, 2014 9:09 am | Last updated: April 14, 2014 at 9:09 am

തിരുവനന്തപുരം: കേരള പോലീസിന്റെ കമ്മ്യൂണിറ്റി പോലീസ് വിഭാഗമായ ജനമൈത്രി പോലീസ് മുഖം മിനുക്കുന്നു. ജനമൈത്രി പോലീസ് വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ ജനമൈത്രി പോലീസ് സംവിധാനം ആരംഭിക്കാനും നിലവിലുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ സംസ്ഥാനത്തെ 248 പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ജനമൈത്രി പോലീസ് സംവിധാനമുള്ളത്. ജനമൈത്രി പോലീസിന്റെ സേവന പരിധിയിലുള്ള സ്ഥലങ്ങളും കുറവായിരുന്നു. ഓരോ സ്റ്റേഷനുകളിലെയും അഞ്ചു മുതല്‍ പത്തുവരെ പോലീസുകാര്‍ക്കാണ് കമ്മ്യൂണിറ്റി പോലീസില്‍ പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍, ഇനി അമ്പതോളം സ്റ്റേഷനുകളില്‍കൂടി സംവിധാനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്
ജനമൈത്രി ബീറ്റ് ഓഫീസര്‍ക്ക് നല്‍കുന്ന പരിശീലനം ഓരോ സ്റ്റേഷനിലെയും എല്ലാ പോലീസുകാര്‍ക്കു നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. ഓരോ സ്റ്റേഷന്റെയും പരിധിയിലും ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെല്ലാം ജനമൈത്രി പോലീസിന്റെ സേവനവും ലഭ്യമാക്കാനും പദ്ധതിയുണ്ട്. നിലവില്‍ തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള എല്ലാ സ്ഥലങ്ങളിലും ജനമൈത്രി പോലീസിന്റെയും സേവനം ലഭിക്കുന്നുണ്ട്.
പുതിയതായി ജനമൈത്രി പോലീസ് സേവനം ലഭ്യമാക്കുന്നതില്‍ ആദിവാസി ജനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള പാലക്കാട്, വയനാട് ജില്ലകളില്‍ ഇപ്പോള്‍ തന്നെ ജനമൈത്രി പോലീസിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. വയനാട്ടില്‍ 14ഉം പാലക്കാട് 18നും ജനമൈത്രി സ്റ്റേഷനുകളാണുള്ളത്. ആദിവാസി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിരവധി പദ്ധതികള്‍ ഇവിടങ്ങളില്‍ നടപ്പിലാക്കുന്നുണ്ട്. വയനാട് ജില്ലയിലെ ജനമൈത്രി പോലീസ് പി എസ് സി കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനമൈത്രിയുടെ പരിധിയില്‍പ്പെടുന്നു. മാത്രമല്ല വീടുകള്‍ നവീകരിക്കുന്നതിന് സഹായിക്കുന്നതിലും ഇവരുടെ പങ്കുണ്ട്. നിരവധി സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നതുള്‍പ്പെടെ ഇവരുടെ സേവനങ്ങളില്‍പ്പെടുന്നുണ്ട്.